ന്യൂഡൽഹി: മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ തിരിച്ചടിച്ച് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണന്‍. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ തലവനായ ഏഴംഗ ഭരണഘടനാ ബഞ്ചിന്‍റേയും മാനസികനില പരിശോധിക്കണമെന്ന് കര്‍ണന്‍ ഉത്തവിട്ടു.
തന്റെ മാനസിക നില പരിശോധിക്കാന്‍ എത്തിയാല്‍ പശ്ചിമബംഗാള്‍ ഡിജിപിയെ സ്വമേധയാ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കർണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിനു സൗകര്യമൊരുക്കണമെന്നും മെഡിക്കൽ പരിശോധന ഫലം മേയ് എട്ടിന് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്നും കോടതികൾക്കും മറ്റും സുപ്രീം കോടതി നിർദ്ദേശം നൽകി.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി നടപടി നേരിടുന്നയാളാണ് ജസ്റ്റിസ് സി.എസ്.കർണൻ. ഇതിനു പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് കര്‍ണൻ വിദേശയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തന്റെ വീടിനെ കോടതിയായി പരിഗണിച്ചാണ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ