ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണനു വേണ്ടിയുളള തിരച്ചിലിലാണ് കൊൽക്കത്ത പൊലീസ്. അറസ്റ്റിൽനിന്നും രക്ഷപ്പെടാനായി കർണൻ ഇതിനോടകം രാജ്യം വിട്ടു കാണുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായിയും ലീഗൽ അഡ്വൈസറുമായ പീറ്റർ രമേഷ് കുമാർ പറഞ്ഞു. കർണനുമായി രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനുശേഷം മാത്രമേ അദ്ദേഹം മടങ്ങിവരൂവെന്നും രമേഷ് കുമാർ വ്യക്തമാക്കി.
ജസ്റ്റിസ് കർണൻ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിൽനിന്നും ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയെന്നാണ് മധ്യമങ്ങളും ചെന്നൈ പൊലീസും അറിയിച്ചത്. കർണൻ അല്ല അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ മാത്രമാണ് കാളഹസ്തിയിലേക്ക് പോയത്. പൊലീസിന്റെ ദിശ മാറ്റാനാണ് അദ്ദേഹം ഈ തന്ത്രം പ്രയോഗിച്ചത്. നേപ്പാളിന്റെയോ ബംഗ്ലാദേശിന്റെയോ അതിർത്തി കർണൻ ഇതിനോടകം കടന്നിട്ടുണ്ടാകുമെന്നും രമേശ് കുമാർ അവകാശപ്പെട്ടു. അതേസമയം, ചെന്നൈയിൽനിന്നും ഇന്ത്യൻ അതിർത്തിയിൽ എത്താനായി റോഡ് മാർഗമാണോ കർണൻ ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാൻ അഞ്ചുപേരടങ്ങിയ കൊൽക്കത്ത പൊലീസ് സംഘം ഇന്നലെ ചെന്നൈയിൽ എത്തിയെങ്കിലും കർണനെ പിടികൂടാനായില്ല. പുലർച്ചെ വരെ അദ്ദേഹം ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഗ്രീൻവേഴ്സ് റോഡിലെ കർണന്റെ വസതിയിലും ചൂളൈമേട്ടിലെ മകന്റെ വസതിയിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.