കൊൽക്കത്ത: ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ അടക്കം ഏഴ് സുപ്രീം കോടതി ജസ്റ്റിസുമാർക്കെതിരെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കർണൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊൽക്കത്ത ഹൈക്കോടതിയിൽ ഹാജരാകണമെന്ന ഇദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാതിരുന്നതിനാണ് നടപടി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോകുർ, പി.കെ.ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
രണ്ട് ദിവസം മുൻപ് ജസ്റ്റിസ് കർണന്റെ മാനസിക നില പരിശോധിക്കണമെന്ന് ഈ ഏഴംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഏഴ് സുപ്രീം കോടതി ജസ്റ്റിസുമാരുടെയും മാനസിക നില പരിശോധിക്കണമെന്ന ഉത്തരവ് കർണൻ പുറപ്പെടുവിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തണമെന്നായിരുന്നു ജസ്റ്റിസ് കർണൻ ഉത്തരവിട്ടത്.
അഴിമതിക്കാരായ ജസ്റ്റിസുമാരാണ് സുപ്രീം കോടതിയിൽ തനിക്കെതിരായി വിധി പുറപ്പെടുവിച്ചതെന്ന് കർണൻ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിന്മേൽ തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ വെസ്റ്റ് ബംഗാൾ ഡിജിപി യെ സസസ്പെന്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് സി.എസ്.കർണൻ അഴിമതിയാരോപണമുന്നയിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ഇതിൽ കർണനെതിരെ രംഗത്ത് വന്നതോടെയാണ് ഉത്തരവ് യുദ്ധങ്ങളുടെ തുടക്കം. പരസ്യമായി പ്രസ്താവന നടത്തിയ കേസിലാണ് ജസ്റ്റിസ് കർണനെതിരെ സ്വമേധയാ സുപ്രീംകോടതി കേസെടുത്തത്.