ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു. ചീഫ് ജസ്റ്റിസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ജഡ്ജി ജെ.ചെലമേശ്വർ അറിയിച്ചു. ബാർ കൗൺസിൽ ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീംകോടതിയിലെ തർക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വർ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അദ്ദേഹത്തിന് താഴെ കൊളിജീയത്തിലെ നാല് ജഡ്ജിമാരുമാണ് തർക്കത്തിൽ ഉൾപ്പെട്ടത്. തങ്ങൾ ഉന്നയിച്ച വിഷയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ആ വിഷയത്തിൽ ചർച്ചയാകാമെന്നുമാണ് ജസ്റ്റിസ് ചെലമേശ്വറിന്രെ നിലപാട്. അദ്ദേഹം അക്കാര്യം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

ബാർ കൗൺസിൽ പ്രതിനിധികൾ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി സംസാരിക്കും. പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബാർ കൗൺസിൽ ഭാരവാഹികൾ.

രണ്ട് ദിവസം മുമ്പാണ് സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയ അഭൂതപൂർവ്വമായ സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജി രജ്ഞൻ ഗഗോയി, ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ലോക്കൂർ എന്നിവരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.

ഈ വിഷയം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ