ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലൈംഗികാരോപണം അന്വേഷിക്കാനുള്ള ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഉണ്ട്. മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ജസ്റ്റിസ് എന്‍.വി.രമണ പിന്മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അന്വേഷണ സംഘത്തിലെത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ആഭ്യന്തര സമിതിയുടെ തലവന്‍. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും സംഘത്തിലുണ്ട്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൂടി എത്തിയതോടെ ആഭ്യന്തര സമിതിയില്‍ രണ്ട് വനിതാ ജഡ്ജിമാരായി.
Read More: ചീഫ് ജസ്റ്റിസിനെതിരായ പരാതി; അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് രമണ പിന്മാറി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സംഘത്തില്‍ നിന്ന് ജസ്റ്റിസ് എന്‍.വി.രമണ സ്വയം പിൻമാറിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച മുന്‍ ജീവനക്കാരി അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് എന്‍.വി.രമണ ഉള്ളതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ജസ്റ്റിസ് രമണ അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജസ്റ്റിസ് രമണയെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാണെന്നും അതിനാല്‍ അന്വേഷണ സംഘത്തില്‍ ജസ്റ്റിസ് രമണയുള്ളതില്‍ അതൃപ്തിയുണ്ടെന്നും പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു.
Read More: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി
അന്വേഷണ സംഘത്തിന് മുന്‍പില്‍ പരാതിക്കാരി ഇന്ന് ഹാജരാകണം. അന്വേഷണ സംഘത്തില്‍ ഒരു വനിതാ ജഡ്ജി മാത്രം ഉള്ളതിലുള്ള അതൃപ്തിയും പരാതിക്കാരി നേരത്തെ പരസ്യമാക്കിയിട്ടുണ്ട്. തനിക്ക് സത്യസന്ധമായി നീതി നടപ്പിലാക്കി കിട്ടില്ലെന്ന സന്ദേഹവും പരാതിക്കാരി കത്തില്‍ ഉന്നയിച്ചിരുന്നു.