ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധിയ്ക്കു പിന്നാലെ തനിക്കു ഭീഷണി സന്ദേശങ്ങൾ  ലഭിച്ചിരുന്നുവെന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന വിധി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍, രോഹിന്റൻ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പ്രഖ്യാപിച്ചത്.

വിധിക്കു പിന്നാലെ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുെവന്നു വെളിപ്പെടുത്തിയിരിക്കുകയാണു ജസ്റ്റിസ് ചന്ദ്രചൂഢ്. മുംബൈയിലെ ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Also Read: ‘അച്ഛനെ തിരുത്തിയ മകന്‍’; ചരിത്രം കുറിച്ച് വീണ്ടും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
”വിധിയ്ക്കു പിന്നാലെ എന്റെ ഇന്റേണുകളും ക്ലര്‍ക്കുകളും എന്നോട് പറഞ്ഞു, നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൊന്നും ഇല്ലല്ലോ? കുടുംബക്കാരില്‍നിന്നു സുഹൃത്തുക്കളില്‍ നിന്നുമുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളല്ലാതെ മറ്റൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ നല്ലത്, നിങ്ങള്‍ക്കെതിരായ ഭീഷണിയും അസഭ്യവും പേടിപ്പെടുത്തുന്നതാണെന്ന അവര്‍ പറഞ്ഞു. ജഡ്ജിമാരുടെ സുരക്ഷയെ ഓര്‍ത്ത് അവര്‍ ഉറങ്ങിയിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

”വിമര്‍ശനം സംവിധാനത്തിന്റെ ഭാഗമാണ്. ജഡ്ജിമാരെന്ന നിലയില്‍ നല്ല ധൈര്യം വേണം. വിധിയെ്ക്കുറിച്ച് ജനങ്ങള്‍ക്ക് എന്തുവേണമെങ്കിലും തോന്നിക്കോട്ടെ. സങ്കീര്‍ണമായ വിഷയങ്ങളാണു ഞങ്ങള്‍ നേരിടുന്നത്,” അദ്ദേഹം പറഞ്ഞു. വിധിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചന്ദ്രചൂഢ് വ്യക്തമാക്കി.

ശബരിമലയില്‍നിന്നു സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തൊട്ടുകൂടായ്മയുടെ തെളിവാണെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാര്‍ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടാകണം വിധി കല്‍പ്പിക്കേണ്ടതെന്നും വ്യക്തി താല്‍പ്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More: സ്വാതന്ത്ര്യം, അന്തസ്സ്, വിയോജിപ്പ് എന്നിവയ്ക്ക് ചരമഗീതമെഴുതരുത്; ജസ്റ്റിസ് ചന്ദ്രചൂഢ്

”ശബരിമല കേസില്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തു. അതായത് അവിടെ വ്യത്യസ്തമായൊരു കാഴ്ചപ്പാടുണ്ടെന്ന്. അതിനെ ഞാന്‍ മാനിക്കുന്നു. വിധിയ്ക്കുശേഷം എന്റെ ക്ലര്‍ക്ക് എന്നോട്  ചോദിച്ചു, എങ്ങനെയാണ് ഒരു സ്ത്രീയ്ക്കു സ്ത്രീകളുടെ അവകാശത്തെക്കുറിച്ചുള്ളൊരു കേസില്‍ എതിര്‍ക്കാന്‍ കഴിയുന്നതെന്ന്. ഞാന്‍ പറഞ്ഞു, സ്ത്രീകള്‍ ഒരു തരത്തിലേ ചിന്തിക്കാവൂ എന്ന കാഴ്ചപ്പാട്  ശരിയല്ലെന്ന്,” അദ്ദേഹം പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook