ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസ് വിശാല ബഞ്ചിനു വിടാനുള്ള തീരുമാനത്തെ അതിശക്തമായി എതിര്‍ത്ത് രണ്ട് ജസ്റ്റിസുമാര്‍ സുപ്രീം കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ജസ്റ്റിസ് ആര്‍.എഫ്.നരിമാനും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡുമാണു ഹർജികൾ വിശാല ബഞ്ചിനു വിടാനുള്ള തീരുമാനത്തെ എതിർത്തത്.

എല്ലാ ആരാധനാലയങ്ങളിലെയും സ്ത്രീപ്രവേശന വിലക്ക് കേസുകളും ശബരിമല കേസിനൊപ്പം പരിഗണിക്കാമെന്നും വിശ്വാസ സംബന്ധ വിഷയങ്ങളിൽ തീരുമാനമെടുത്ത ശേഷം അത്തരം കേസുകളിൽ പരിഗണിക്കാമെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എതിര്‍ത്തു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനവുമായി ശബരിമല വിഷയത്തെ കൂട്ടികുഴയ്ക്കാന്‍ പറ്റില്ലെന്നാണു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നിലപാട്. പുനഃപരിശോധനയുടെ ആവശ്യമില്ല. സ്ത്രീപ്രവേശനത്തെ പിന്തുണച്ചുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.

Read Also: Sabarimala Verdict Live Updates: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല

കോടതികള്‍ക്കു മുന്‍പിലുള്ള വിശുദ്ധ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടന മാത്രമാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു. എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളണമെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ നിലപാടെടുത്തു. മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം ശബരിമല കേസ് പരിഗണിക്കുന്ന ബഞ്ചിനു വിടരുത്. രണ്ട് വിഷയങ്ങളും കൂടിക്കുഴയ്ക്കരുത്.  ശാരീരിക വിവേചനങ്ങള്‍ക്കെതിരെയുള്ളതാണ് തങ്ങളുടെ ആദ്യ വിധി.

കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്താം. എന്നാല്‍, സംഘടിത പ്രക്ഷോഭങ്ങളിലൂടെ അതിനെ അട്ടിമറയ്ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു.

Read Also: യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടണമെന്ന് നിലപാടെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook