ന്യൂഡല്‍ഹി: അച്ഛന്റെ വിധി തിരുത്തിയ മകനായി ചരിത്രമെഴുതി വീണ്ടും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയിലാണ് അച്ഛന്റെ വിധി ഡിവൈ ചന്ദ്രചൂഢ് തിരുത്തിയത്.

1985 ല്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന വിധിയെഴുതിയ ബെഞ്ചില്‍ വൈ.വി ചന്ദ്രചൂഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനായ ഡി.വൈ ചന്ദ്രചൂഡാണ് 33 വര്‍ഷത്തിന് ശേഷം ഇന്ന് അതിനെതിരെ വിധിയെഴുതിയത്. ഇത് രണ്ടാം തവണയാണ് അച്ഛന്റെ വിധി തിരുത്തി മകന്‍ വിധി പറയുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയെഴുതിയപ്പോഴാണ് അച്ഛന്റെ വിധി തിരുത്തിയ മകനെന്ന വിശേഷണം നേരത്തേ ഡി.വൈ ചന്ദ്രചൂഡിന് നേടിയത്.

1985 ല്‍, തന്റെ ഭര്‍ത്താവിന്റെ സമ്മതത്തോടെയല്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയ്‌ക്കെതിരായ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയിലായിരുന്നു അച്ഛന്‍ ചന്ദ്രചൂഢിന്റെ വിധി. അന്ന് ആ വിധിയ്‌ക്കെതിരെ യുവതി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടക്കമുള്ള അഞ്ചംഗ ബെഞ്ചാണ് വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമാക്കുന്ന നൂറ്റിയമ്പത്തിയെട്ടു വര്‍ഷം പഴക്കമുള്ള ഐ പി സി 497-ാം വകുപ്പ് റദ്ദാക്കിയ വിധി പ്രഖ്യാപിച്ചത്.

1975ലെ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിസ്ഥാനാവകാശങ്ങളെല്ലാം റദ്ദാക്കിയ സാഹചര്യത്തില്‍ സ്വകാര്യത അടിസ്ഥാനാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അടക്കമുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. 1975 ല്‍ എ.ഡി.എം ജബല്‍പൂര്‍ ്/ െശിവകാന്ത് ശുക്ല എന്ന കേസില്‍ ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് നിര്‍ണയിച്ച ഈ വിധിയാണ് കഴിഞ്ഞ വര്‍ഷം മകന്‍ ചന്ദ്രചൂഡ് തിരുത്തിയത്.

”മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമായ അവകാശങ്ങളാണ് ജീവിതവും വ്യക്തിസ്വാതന്ത്ര്യവും. അതിനെ ഹനിക്കുന്നതാണ് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ തടയുന്നത്.” മകന്‍ ചന്ദ്രചൂഡ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ