ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. സത്യപ്രതിജഞ നവംബര്‍ ഒന്‍പതിനു നടക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് നവംബര്‍ എട്ടിനു വിരമിക്കും.
രാജ്യത്തിന്റെ അന്‍പതാമതു ചീഫ് ജസ്റ്റിസാകുന്ന ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ ആ പദവിയില്‍ തുടരും. സേവനകാലയളവ് രണ്ടു വര്‍ഷം. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതിനു മൂന്നു മാസം മാത്രമാണു പദവി വഹിക്കാന്‍ കഴിഞ്ഞത്. തന്റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് യു യു ലളിത് ഒക്‌ടോബര്‍ 11നു ശിപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണു രാഷ്ട്രപതി നിയമനം പ്രഖ്യാപിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനാണു ഡി വൈ ചന്ദ്രചൂഡ്. പതിനാറാമതു ചീഫ് ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡ് 1978 ഫെബ്രുവരി രണ്ടു മുതല്‍ 1985 ജൂലൈ 11 വരെയാണ് ആ പദവിയിലിരുന്നത്.
ഡി വൈ ചന്ദ്രചൂഡ് ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1998 ജൂണില്‍ ബോംബെ ഹൈക്കോടതി അദ്ദേഹത്തിനു മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നല്‍കി. അതേവര്‍ഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. മഹാരാഷ്ട്ര ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2016 മേയ് 13 ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.
ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയി ഡി വൈ ചന്ദ്രചൂഡ്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കാമ്പസ് ലോ സെന്ററില്‍നിന്ന് എല്‍ എല്‍ ബി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍നിന്ന് എല്‍ എല്‍ എം ബിരുദവും ജൂറിഡിക്കല്‍ സയന്‍സസില്‍ (എസ് ജെ ഡി) ഡോക്ടറേറ്റും നേടി.
സുപ്രീം കോടതി ജഡ്ജിയായിരിക്കെ രാജ്യത്തിന്റെ നിയമതത്വസംഹിതയുടെ പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചില സുപ്രധാന വിധിന്യായങ്ങള്‍ ഡി വൈ ചന്ദ്രചൂഡ് എഴുതി. സ്വകാര്യത മൗലികാവകാശമാക്കിയത്, സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയത് അവിവാഹിതരും ഒറ്റയ്ക്കു ജീവിക്കുന്നതുമായ സ്ത്രീകള്‍ക്കു സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം തുടങ്ങിയ സുപ്രധാന വിധികള്‍ പ്രഖ്യാപിച്ച ബഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
റിട്ട. ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സുപ്രധാന കേസില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ഒമ്പതംഗ ബെഞ്ച് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചു. 2016ലെ ആധാര്‍ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂരിഭാഗം പേരും നിയമം ശരിവച്ചപ്പോള്‍, അത് മണി ബില്ലായി പാസാക്കിയതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിലയിരുത്തല്‍.
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ബഞ്ചിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. പുരാതനവും കാലാനുസൃതമല്ലാത്തതുമായ കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം, ഒളിച്ചും ഭയപ്പെട്ടും രണ്ടാംതരം പൗരന്മാരായി ജീവിക്കാന്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമാക്കുന്നുവെന്ന് അദ്ദേഹം നവ്‌തേജ് സിങ് ജോഹര്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കി നല്‍കിയ കേസിലെ വിധിന്യായത്തില്‍ എഴുതി.
മഹാരാഷ്ട്രയിലെ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ സംശയം ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹര്‍ജികള്‍ ജസ്റ്റിഡ് ഡി വൈ ചചന്ദ്രചൂഡ് ഉള്‍പ്പെടുന്ന അടങ്ങുന്ന മൂന്നംഗ ബെഞ്ച് 2018 ഏപ്രിലില്‍ തള്ളിയിരുന്നു. ഇതൊരു പെട്ടെന്നുള്ള സ്വാഭാവിക മരണമാണെന്നും ക്ലിനിക്കല്‍ പരിശോധനകളിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അവിവാഹിതരും ഒറ്റയ്ക്കു ജീവിക്കുന്നതുമായ സ്ത്രീകള്‍ക്കു സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ ദീര്‍ഘിച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളില്ലാത്ത പ്രത്യുത്പാദന തിരഞ്ഞെടുപ്പുകള്‍ക്ക് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ വിധി.
അയോധ്യതര്‍ക്ക കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലും അദ്ദേഹം ഭാഗമായിരുന്നു. സുപ്രീം കോടതി ഇ-കമ്മിറ്റിയുടെ തലവന്‍ എന്ന നിലയില്‍, കോവിഡ് -19 സമയത്ത് വെര്‍ച്വല്‍ ഹിയറിങ്ങുകള്‍ സാധ്യമാക്കുന്നതിലും കോടതി നടപടികളുടെ തത്സമയ സ്ട്രീമിങ് ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഭരണഘടനാ ബെഞ്ചുകള്‍ കേള്‍ക്കുന്ന കേസുകളാണ് ആദ്യ ഘട്ടത്തില്‍ തത്സമയ സ്ട്രീമിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.