ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ഇന്ന് ചുമതലയേല്‍ക്കും. നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചും സിനിമാ തിയേറ്ററുകളില്‍ ദേശിയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്ന് വിധിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിയാണ് ദീപക് മിശ്ര. ജെ.എസ്.കേഹർ വിരമിച്ചതോടെയാണ് ദീപക് മിശ്ര ഇന്ത്യയുടെ 45-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. 13 മാസം നീണ്ടുനില്‍ക്കുന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ പല സുപ്രധാന കേസുകളും ദീപക് മിശ്രയുടെ മുന്നിലെത്തും. ആധാര്‍ കാര്‍ഡിന്റെ സാധുത മുതല്‍ ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കമുള്‍പ്പടെ നിര്‍ണായകമായ പലകേസുകളും ഇവയില്‍ ഉള്‍പ്പെടും.

ജനകീയമായ വിധികള്‍ ജസ്റ്റിസ് മിശ്രയില്‍ നിന്നുണ്ടായിട്ടുണ്ട്. എഫ്ഐആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടത് ജസ്റ്റിസ് മിശ്രയാണ്. 2011-ലാണ് ജസ്റ്റിസ് മിശ്ര സുപ്രീംകോടതിയിലെത്തുന്നത്.

ചീഫ് ജസറ്റിസ് ആയി ആദ്യ ദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ സിമി നിരോധന കേസുമുണ്ട്. ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരോടൊപ്പമാണ് ജസ്റ്റിസ് ദീപക് മിശ്ര സിമി കേസ് കേള്‍ക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ