ന്യൂയോർക്ക്: രാജ്യാന്തര കോടതി ജഡ്ജി സ്ഥാനത്തേക്കുളള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ജയം. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈ വിവരം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് അവസാനനിമിഷം പിന്മാറിയതോടെയാണ് ദൽവീർ ഭണ്ഡാരി വിജയം ഉറപ്പിച്ചത്. നേരത്തേ, 11 വട്ടവും യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. യുഎൻ പൊതുസഭയിൽ 193ൽ 183 വോട്ടും രക്ഷാസമിതിയിലെ എല്ലാ വോട്ടുകളും (15) നേടിയാണു ഭണ്ഡാരി വിജയിച്ചത്.

1945ൽ രൂപീകൃതമായ രാജ്യാന്തര കോടതിയിൽ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. സ്ഥാനാർഥിയെ പിൻവലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് ഇംഗ്ലിഷ് മാധ്യമങ്ങളുടെ വിമർശനം.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ-പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook