ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കർണന്റെ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ നേരത്തേ തന്നെ ഇദ്ദേഹത്തെ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഏഴംഗ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യത്തിൽ വിധി പറഞ്ഞത്.
സുപ്രീം കോടതിയില്‍ നിന്ന് കോടതി അലക്ഷ്യ കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം ഇദ്ദേഹം ദീർഘനാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ജസ്റ്റിസ് സി.എസ്.കർണനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ വച്ചാണ് അദ്ദേഹത്തെ പശ്ചിമബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ കോളേജിന്റെ ഗസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം.
കോയമ്പത്തൂരിലെ മരമിച്ചംപെട്ടി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. മൊബെെൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് ഈ സ്ഥലം പൊലീസ് കണ്ടെത്തിയത്. കർണനെ കൊൽക്കത്തിയിൽ എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വിവാദ നടപടികളുടെ ഭാഗമായി ആറ് മാസം തടവ് ശിക്ഷ ലഭിച്ച ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ മാസം ഒമ്പതിന് ചെന്നൈയില്‍ എത്തിയിരുന്നു. അതിന് ശേഷം വിരമിച്ച കര്‍ണനെ കുറിച്ച് ഒന്നര മാസത്തോളമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.
Read More : ആരാണ് ജസ്റ്റിസ് സി.എസ്.കർണൻ?
പശ്ചിമ ബംഗാള്‍ പോലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യാനായി പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ കര്‍ണന്‍ ചെന്നൈയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ മൂന്ന് ദിവസം കര്‍ണന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വദേശമായ കൂഡല്ലൂരിലെ വൃധാചലത്തും കര്‍ണനായി തിരച്ചില്‍ നടത്തിയിരുന്നു. സ്ഥിതി ഇതായിരിക്കെ, ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ ഇല്ലാതെയാണ് ജസ്റ്റിസ് കര്‍ണന്‍ വിരമിച്ചിരുന്നത്.
2009 മാര്‍ച്ചിലാണ് ജഡ്ജിയായി കര്‍ണന്‍ നിയമിതനായത്. തുടര്‍ന്ന് നീതിന്യായ വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകളും വിധികളും ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തി. പട്ടിക ജാതിക്കാരനായതിനാല്‍ തന്നെ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്ന് കാട്ടി 2011ല്‍ ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നല്‍കിയതിലൂടെയാണ് ജസ്റ്റിസ് കര്‍ണന്‍ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട്, തനിക്കെതിരായ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അടക്കമുള്ള ജഡ്ജിമാരെ അഞ്ച് വര്‍ഷം തടവിന് വിധിച്ചതിനെ തുടര്‍ന്നാണ് സുപ്രിം കോടതി കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. രാജ്യത്ത് തടവ് ശിക്ഷ ലഭിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയും ഒളിവില്‍ കഴിയവെ വിരമിക്കുന്ന ജഡ്ജിയുമാണ് കര്‍ണന്‍.