ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണന് കോടതിയിൽനിന്നും വീണ്ടും തിരിച്ചടി. നിരുപാധികം മാപ്പു പറയാമെന്ന കർണന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി തളളി. മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. അറസ്റ്റ് ഒഴിവാക്കണമെന്ന കർണന്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, കർണൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് ഇന്നലെ ഇരു സംസ്ഥാനങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ കൊൽക്കത്ത പൊലീസ് തിരിച്ചിൽ നടത്തി. കർണനെ കണ്ടെത്തുകയോ എവിടെയുണ്ടെന്ന കൃത്യമായ വിവരം ലഭിക്കുകയോ ചെയ്യുന്നതുവരെ ചെന്നൈയിൽ തന്നെ തുടരാനാണു കൊൽക്കത്തയിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

സുപ്രീംകോടതി വിധി നടപ്പാക്കാൻ അഞ്ചുപേരടങ്ങിയ കൊൽക്കത്ത പൊലീസ് സംഘം ബുധനാഴ്ച ചെന്നൈയിൽ എത്തിയെങ്കിലും അദ്ദേഹത്തെ പിടികൂടാനായില്ല. പുലർച്ചെ വരെ അദ്ദേഹം ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഗ്രീൻവേഴ്സ് റോഡിലെ കർണന്റെ വസതിയിലും ചൂളൈമേട്ടിലെ മകന്റെ വസതിയിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook