ബെംഗളൂരു: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്.കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ റജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും സ്ത്രീകളെ മൽസരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
‘സ്ത്രീകള്‍ മാത്രമാണ് പാര്‍ട്ടിക്ക് വേണ്ടി മൽസരിക്കുക. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് സീറ്റുകള്‍ തൂത്തുവാരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വാരാണസിയില്‍ നിന്നും എന്നോട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ മാത്രമായിരിക്കും ഏക പുരുഷ സ്ഥാനാര്‍ത്ഥി. എന്നാല്‍ വാരാണസിയിലും സ്ത്രീ മൽസരിക്കണമെന്നാണ് എന്റെ ആഗ്രഹം. സ്ത്രീകള്‍ വിവേചനം നേരിടുന്നത് കൊണ്ടാണ് അവരെ തന്നെ മൽസരിപ്പിക്കാനുളള തീരുമാനത്തിലേക്ക് നയിച്ചത്. നിയമവ്യവസ്ഥയുമായി സഹകരിക്കാന്‍ ഇനി ഞാന്‍ ഉദ്ദേശിക്കുന്നില്ല’, കര്ണന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് അദ്ദേഹം മൽസരിക്കുന്ന വാരാണസി.
രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യം. പാർട്ടിയുടെ റജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് കോടതിയലക്ഷ്യം നടത്തിയതിനെ തുടർന്ന് സുപ്രീം കോടതി ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.