ന്യൂഡല്‍ഹി: ആധാര്‍ പദ്ധതി പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ആധാര്‍ വിഷയം പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ നിലപാടിന് എതിര്‍ നിലപാട് രേഖപ്പെടുത്തിയ ജഡ്ജിമാരിലൊരാളായിരുന്നു ചന്ദ്രചൂഡ്. 2016ല്‍ മണി ബില്ലായി ആധാര്‍ നിയമം പാസാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഒരു ബില്ലിനെ മണി ബില്ലായി വര്‍ഗീകരിക്കാനുള്ള സ്പീക്കറുടെ തീരുമാനം കോടതിയില്‍ പുനഃപരിശോധനാ വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ പാസാക്കുന്നതില്‍ രാജ്യസഭയുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ ഉയര്‍ത്തിക്കാട്ടി. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കുന്നതിന് ആധാര്‍ ബില്ലിനെ മണി ബില്ലായി അവതരിപ്പിച്ചത് സര്‍ക്കാരിന്റെ കൗശലമാണ്. ഇത് ഭരണഘടനയിലെ 110-ാം വകുപ്പിന്റെ ലംഘനമാണ്. മണി ബില്‍ അവതരിപ്പിക്കുന്നതിന് ഈ വകുപ്പ് കര്‍ശനമായ ചില നിബന്ധനകള്‍ പറയുന്നുണ്ട്. ആധാര്‍ ബില്‍ ഇതിനും അപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

‘നിയമാനുസൃതമായി അധികൃതര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാഷ്ട്രീയ സ്വാധീനവും ഭരണകൂടത്തിന്റെ താല്‍പര്യങ്ങളും ഭരണഘടനയ്ക്ക് അതിജീവിക്കാനാവുകയുള്ളൂ.’ എന്നും അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, ആധാര്‍ മണി ബില്ലായി കൊണ്ടുവന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തില്‍ ഭൂരിപക്ഷ നിലപാട്.

സ്വകാര്യതയുടെയും വിവര സംരക്ഷണത്തിന്റെയും ലംഘനമാണ് ആധാര്‍ പദ്ധതിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിലപാടെടുത്തു. ‘സാങ്കേതികമായ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താനാവുന്നതല്ല ഭരണഘടനാപരമായ അവകാശങ്ങള്‍’ അദ്ദേഹം നിരീക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തില്‍ ഒരു പ്രധാന ഭാഗമാണെന്നിരിക്കെ ആധാറിനെ മൊബൈല്‍ നമ്പറുമായി ബന്ധപ്പിക്കുന്നത് സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് ആധാര്‍ നമ്പര്‍ അത്യാവശ്യമാണെന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ സാദ്ധ്യമല്ലാത്ത അവസ്ഥയാണുണ്ടാക്കുക. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നവയും മൂന്നാമതൊരാള്‍ക്ക് ദുരുപയോഗം ചെയ്യാനും എളുപ്പമായിരിക്കും. പൗരന്മാരുടെ രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കുന്നതിനും ഇത് ഇടയാക്കും.

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 ഭരണഘടനയുടെ 14, 21 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്നും സ്വകാര്യ സ്ഥാപനങ്ങളെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് വിവര ചൂഷണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ