ന്യൂഡൽഹി: കോടതിയലക്ഷ്യ കുറ്റത്തിന് ആറ് മാസം തടവ് ശിക്ഷ അനുഭവിച്ച് മുൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ്.കർണ്ണൻ പുറത്തിറങ്ങി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസുമടക്കം ഏഴ് പേർക്കെതിരെ തന്റെ അധികാര പരിധി മറികടന്ന് ഉന്നയിച്ച വിധികളാണ് കർണ്ണനെ തടവിലാക്കിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സംഭവത്തില്‍ സുപ്രീംകോടതിയാണ് മുന്‍ ജസ്റ്റിസിന് തടവ് ശിക്ഷ വിധിക്കുന്നത്. ഒരു മാസത്തോളം നീണ്ട ഒളിവുജീവിതത്തിന് ശേഷം ജൂണ്‍ 20നു കോയമ്പത്തൂരില്‍ വച്ചാണ് പൊലീസ് കര്‍ണനെ അറസ്റ്റ് ചെയ്യുന്നത്.
ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് ജഡ്‌ജി സർവ്വീസിലിരിക്കെ ശിക്ഷിക്കപ്പെടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കർണ്ണനെതിരെ ശിക്ഷാവിധി പുറപ്പെടുവിച്ചത്. ജാതി വിവേചനത്തെ കുറിച്ച് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചാണ് ജസ്റ്റിസ് കർണ്ണൻ ആദ്യം വാർത്തകളിൽ നിറഞ്ഞത്.