ന്യൂഡൽഹി: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും. സമീപകാലത്ത് അദ്ദേഹത്തെപ്പോലെ വിവാദങ്ങളിലും ചർച്ചകളിലും ഇടം പിടിച്ച മറ്റൊരു സുപ്രീം കോടതി ജഡ്‌ജിയും രാജ്യത്തുണ്ടായിട്ടില്ല. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ജസ്റ്റിസ് മിശ്ര പടിയിറങ്ങുന്നത്. കോവിഡ് സാഹചര്യങ്ങൾ​ മൂലം ബാർ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാതെയാണ് അദ്ദേഹം വിരമിക്കുന്നത്.

രാജസ്ഥാന്‍, കല്‍ക്കട്ട ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന അരുൺ മിശ്ര, 2014 ജൂലായ് ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ആറ് കൊല്ലത്തെ സേവനത്തിന് ശേഷമാണ് അരുണ്‍ മിശ്ര വിരമിക്കുന്നത്. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ലാറ്റുകള്‍ ഇടിച്ച് നിരപ്പാക്കുന്നതിലേക്ക് നയിച്ച സുപ്രധാന വിധിയിലൂടെയും പതിറ്റാണ്ടുകള്‍ നിലനിന്ന പള്ളിക്കേസില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയും മലയാളികള്‍ക്കിടയിലും ജസ്റ്റിസ് അരുണ്‍ മിശ്ര എന്ന പേര് പരിചിതമാണ്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും വിവാദങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കേസുകളായിരുന്നു തുടക്കം മുതൽ അരുൺ മിശ്രയുടെ മുന്നിൽ എത്തിയിട്ടുള്ളത്. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിനു വിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിര്‍ന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തുകയും ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് വിളിച്ചു പറയുകയും ചെയ്തു.

Read More: സുക്കർബർഗിന് കത്തയച്ച് രവിശങ്കർ പ്രസാദ്; രാജ്യത്തിന്റെ കാര്യത്തിൽ ആരെയും ഇടപടാൻ അനുവദിക്കില്ലെന്ന് രാഹുൽ

സഹാറ-ബിർല ഹരേൻ പാണ്ഡ്യ കൊലപാതകത്തിന്റെ ഡയറിക്കുറിപ്പുകൾ, മെഡിക്കൽ കോളേജ് കൈക്കൂലി കേസ് പട്ടികജാതി-പട്ടികവർഗ ഭേദഗതികൾ (അതിക്രമങ്ങൾ തടയൽ നിയമം), സി‌ബി‌ഐയുടെ മുകൾ തട്ടിലെ കുഴപ്പം, ഭീമ കൊറെഗാവ് കേസിലെ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ, ഭൂമിയേറ്റെടുക്കൽ തുടങ്ങി രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ അദ്ദേഹം വിധിന്യായം പുറപ്പെടുവിച്ചു.

സഹാറ-ബിർള ഡയറിക്കുറിപ്പുകൾ അന്വേഷിക്കണമെന്ന എൻ‌ജി‌ഒയായ കോമൺ കോസിന്റെ ഹർജി  ജസ്റ്റിസുമാരായ അമിതവ റോയിയുടെയും മിശ്രയുടേയും ബെഞ്ച് 2017 ജനുവരിയിൽ നിരസിച്ചു.

ഏറ്റവും ഒടുവിലായി, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെയുള്ള ട്വീറ്റിന് പ്രശാന്ത് ഭൂഷണിനെ കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചതും എതിര്‍പ്പുകൾ തള്ളിയായിരുന്നു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചതിന് സുപ്രീംകോടതി ബാര്‍ അസോസിയേഷൻ ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

Read More in English: Justice Arun Mishra retires today, leaving contested SC legacy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook