ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തിനുള്ളില്‍ രണ്ടുവര്‍ഷമായി നിലനിന്നിരുന്ന പ്രതിസന്ധിയുടെ കേന്ദ്രമായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ കുറേശിയെ സ്ഥലം മാറ്റും. അദ്ദേഹത്തെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി നിയമിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനു വിവരം ലഭിച്ചു.
വ്യാഴാഴ്ച വൈകിട്ടു ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗം കൈക്കൊണ്ട നിരവധി തീരുമാനങ്ങളിലൊന്ന് ജസ്റ്റിസ് കുറേശിയെ വലിയ ഹൈക്കോടതിയിലേക്കു മാറ്റുന്നതാണെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹൈക്കോടതികളിലേക്ക് എട്ടു പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നിലവിലെ നാല് ചീഫ് ജസ്റ്റിസുമാരെയും ഇരുപത്തി ഏഴിലധികം ജഡ്ജിമാരെയും മാറ്റാനും ശിപാര്‍ ചെയ്യാനും കൊളീജിയം യോഗം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസുമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മൊഹന്തിയെ അകില്‍ കുറേശിക്കു പകരം ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കുടുങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്യും. മധ്യപ്രദേശ് ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ കൊല്‍ക്കത്ത ചീഫ് ജസ്റ്റിസായി നിയമിക്കുവാനും ശുപാര്‍ശ ചെയ്യും.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണു ജസ്റ്റിസ് അകില്‍ കുറേശിയെ ത്രിപുര ഹൈക്കോടതി ചീഫ ജസ്റ്റിസായി നിയമിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതിയിലേക്ക് ഒന്‍പത് ജഡ്ജിമാരെ നിയമിച്ചപ്പോള്‍ അദ്ദേഹം അതില്‍ ഇടംപിടിച്ചില്ല. ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്താണെന്നിരിക്കെയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
Also Read: പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുവദിക്കണം; സർക്കാർ സുപ്രീംകോടതിയിൽ
സുപ്രീം കോടതി ജഡ്ജിയായി അകില്‍ കുറേശിയുടെ പേര് ശിപാര്‍ശ ചെയ്യുന്നതില്‍ കൊളീജിയം കാണിച്ച മടി നിയമനങ്ങളുടെ കാര്യത്തില്‍ അഭൂതപൂര്‍വമായ പ്രതിസന്ധിക്കു കാരണമായി. ഏകദേശം രണ്ട് വര്‍ഷത്തോളം അത് നീണ്ടുനിന്നു. മറ്റേതെങ്കിലും പേരിനു മുന്‍പ് ജസ്റ്റിസ് കുറേശിയെ ശിപാര്‍ശ ചെയ്യണമെന്ന് കൊളീജിയത്തിന്റെ ഭാഗമായിരിക്കെ മുന്‍ ജഡ്ജി റോഹിന്റണ്‍ നരിമാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഓഗസ്റ്റ് 12ന് അദ്ദേഹം വിരമിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു സുപ്രീം കോടതി അകില്‍ കുറേശിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒന്‍പതു പേരുകള്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതും രണ്ടാഴ്ചയ്ക്കുള്ളില്‍ അത് അംഗീകരിക്കപ്പെട്ടതും.
ഇതാദ്യമായല്ല ഒരു വലിയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അകില്‍ കുറേശിയെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്യുന്നത്. 2019 ല്‍ അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നെങ്കിലും തീരുമാനം പുനപ്പരിശോധിക്കാന്‍ ഫയര്‍ സര്‍ക്കാര്‍ മടക്കുകയായിരന്നു. തുടര്‍ന്ന് കൊളീജിയം മുന്‍ ശിപാര്‍ശ പിന്‍വലിക്കുകയും പകരം നാല് ജഡ്ജിമാരുള്ള ത്രിപുര ഹൈക്കോടതിയുടെ ചീഫ് ജസ്്റ്റിസായി അദ്ദേഹത്തെ ശിപാര്‍ശ ചെയ്യുകയുമായിരുന്നു. അദ്ദേഹത്തെ പുതുതായി ശിപാര്‍ശ ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ അന്‍പതാണ്.
2019 നവംബര്‍ 16 നാണു ജസ്റ്റിസ് അകില്‍ കുറേശി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിയില്ലെങ്കില്‍ സേവനകാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് അവസാനിക്കും.