വിവാദങ്ങൾ തുടരുന്നതിനിടയിൽ സിബിഐ ഇടക്കാല ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. നാഗേശ്വർ റാവുവിനെ നിയമിച്ചതിന് എതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് സിക്രിയും പിന്മാറിയിരിക്കുന്നത്. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഇതേ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

ഇതോടെ കേസ് പുതിയ ബെഞ്ചിന് വിടും. അതേസമയം സിബിഐ തലപ്പത്തേക്ക് പുതിയ ഡയറക്ടറെ ഇന്ന് തിരഞ്ഞെടുക്കും.ഇന്ന് ചേരുന്ന ഉന്നതാധികാര സെലക്ഷൻ സമിതി യോഗമാണ് പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുക. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിക്ക് മുഴുവൻ സമയ ഡയറക്ടറെ കണ്ടെത്തുന്നതിനാണ് ഇന്ന് യോഗം ചേരുന്നത്. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലാണ് ഉന്നതാധികാര സെലക്ഷൻ സമിതി യോഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്. വിജിലൻസ് കേസുകളിലെ പരിചയസമ്പത്തും കണക്കിലെടുത്ത് 12 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കഴിഞ്ഞു. ഇവരിൽ നിന്നാകും സിബിഐ മേധാവിയെ കണ്ടെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook