അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവപ്പ് കണ്ടാല്‍ വാഹനം നില്‍ക്കും പോലെ ചുവപ്പിന്റെ കീഴില്‍ ത്രിപുരയിലെ വികസനം നിലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് നിന്നും ചുവപ്പിനെ പുറത്താക്കിയാല്‍ മാത്രമേ വികസനം സാധ്യമാവുകയുളളൂവെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളളയടിച്ചുളള ഭരണം അധികകാലം മുന്നോട്ട് പോകില്ലെന്നും ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ട രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നുണ്ടെന്നും സിപിഎം ഗവണ്‍മെന്റിനെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മോദി പറഞ്ഞു.

മാണിക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മോദി ചിട്ടി ഫണ്ടുകളില്‍ പണം നഷ്ടമായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും ആരോപിച്ചു. സംസ്ഥാനത്തെ ചില മന്ത്രിമാരും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 20നും നവംബര്‍ 21നും ആയിരുന്നു രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് ആദ്യമായാണ് പ്രധാനമന്ത്രി ഇതില്‍ പ്രതികരണം നടത്തുന്നത്. ബിജെപി 51 സീറ്റുകളില്‍ മൽസരിക്കുമ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി 9 സീറ്റുകളില്‍ മൽസരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ