അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആദരമെന്നോണം ഭക്ഷണ കമ്പനിയായ മക്ഡൊണാള്‍ഡ്സ് അതിന്റെ ബ്രാന്‍ഡ് ചിഹ്നമായ മഞ്ഞ നിറത്തിലുളള ‘എം’ (M) എന്ന അക്ഷരം തിരിച്ചിട്ട് ഡബ്ല്യു (W) ആക്കി മാറ്റി. കാലിഫോര്‍ണിയയിലെ ഔട്ട്‍ലെറ്റില്‍ അടക്കമുളള ഇടങ്ങളില്‍ മക്ഡൊണാള്‍ഡ് ഇത്തരത്തിലാണ് വനിതാ ദിനം ആഘോഷിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് ചിഹ്നം കമ്പനി തിരിച്ചിടുന്നത്. ‘വനിതാ ദിന’ ആഘോഷത്തിന് ലോകത്തെ വനിതകള്‍ക്കൊപ്പം പങ്കു ചേരാനാണ് ഇത്തരത്തില്‍ ചെയ്തത്. ലോകത്തിന് ഒരുപാട് നല്ല സംഭാവനകള്‍ നല്‍കിയ മഹിളാരത്നങ്ങള്‍ക്കാണ് ഞങ്ങളിത് സമര്‍പ്പിക്കുന്നത്. കൂടാതെ ഞങ്ങളുടെ റസ്റ്ററന്റിലെ സ്ത്രീകള്‍ക്കും ഇത് സമര്‍പ്പിക്കുന്നു’, മക്ഡൊണാള്‍ഡ്സ് അധികൃതര്‍ വ്യക്തമാക്കി.

ട്വിറ്റര്‍ അടക്കമുളള മക്ഡൊണാള്‍ഡ്സിന്റെ സോഷ്യൽ മീഡിയ ഔദ്യോഗിക അക്കൗണ്ടുകളിലും ഇതേ രീതിയിലുളള ലോഗോ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും വ്യത്യസ്തമായ രീതിയില്‍ വനിതാ ദിനം ആഘോഷിക്കാനാണ് കമ്പനിയുടെ തീരുമാനം. മാര്‍ച്ച് 8നാണ് വനിതാദിനമായി കണക്കാക്കുന്നത്. ജര്‍മ്മന്‍കാരനായ ക്ലാരാ സെറ്റ്കിന്‍സാണ് 1911ല്‍ ആദ്യമായി വനിതാദിനം സംഘടിപ്പിച്ചത്. 18-ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അസമത്വം അടക്കമുളള നിരവധി പ്രശ്നങ്ങളെ തുറന്നുകാണിക്കാനായിരുന്നു ആദ്യമായി വനിതാ ദിനം ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ