അബുദാബി: ഭീകരവാദത്തിനെതിരായ പോരാട്ടം എന്നാല്‍ ഏതെങ്കിലും ഒരു മതത്തെ കീഴടക്കുക എന്നല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബിയില്‍ നടന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ‘ഭീകരവാദവും തീവ്രവാദവും വ്യത്യസ്ത പേരുകളും ലേബലുകളുമാണ് വഹിക്കുന്നത്. അത് പല കാരണങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും, അത് മതത്തെ വികലമാക്കുകയും അധികാര നേട്ടത്തിനായി വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്നും,’ 57 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് സുഷമ സ്വരാജ് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചത്.

‘ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന് എതിരായ പോരാട്ടമല്ല. അങ്ങനെ ആകാനും പാടില്ല. ഇസ്‌ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ത്ഥം. ദൈവത്തിന്റെ 99 പേരുകളും അക്രമം അര്‍ത്ഥമാക്കുന്നില്ല. അതുപോലെ ലോകത്തെ ഓരോ മതവും നിലനില്‍ക്കുന്നത് സമാധാനത്തിനും സഹാനുഭൂതിക്കും സാഹോദര്യത്തിനും വേണ്ടിയാണ്,’ സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

‘കാലങ്ങളായി അറിവിന്റെ ഉറവിടമായ, സമാധാനത്തിന്റെ വെളിച്ചമായ, വിശ്വാസങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഉറവിടമായ, ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വീടായ, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായ ഒരു രാജ്യത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്,’ സുഷമ സ്വരാജ് പറഞ്ഞു.

‘185 ദശലക്ഷം മുസ്‌ലിം സഹോദരര്‍ ഉള്‍പ്പെടെ 1.3 ബില്യന്‍ പൗരന്‍മാരുടെ ആശംസകളുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. നമ്മുടെ മുസ്‌ലിം സഹോദരന്‍മാരും സഹോദരിമാരും ഇന്ത്യയുടെ വൈവിധ്യത്തിന്റെ സൂക്ഷ്മതലത്തില്‍ തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുഎഇയുമായുള്ള ബന്ധവും, ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധവും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഇടപെടലുകളും പരിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഒരു മടങ്ങി വരവാണത്,’ ദൈവം ഒന്നേ ഉള്ളൂവെന്നും ജ്ഞാനികള്‍ ദൈവത്തെ പല നാമങ്ങളില്‍ വിളിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook