രാജ്യത്തെ സംരംഭക രംഗത്തും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വന്‍ കുതിപ്പ് നല്‍കിയ പദ്ധതിയാണ് മുദ്ര പദ്ധതി എന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പഠനം നല്‍കുന്നത് കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ അപ്പാടെ തള്ളുന്ന ഫലമാണ്.
സര്‍വ്വെ പ്രകാരം അഞ്ചില്‍ ഒരാള്‍ മാത്രമാണ് മുദ്ര ലോണിലൂടെ പുതിയ സംരംഭകം തുടങ്ങിയിട്ടുള്ളൂ. അതായത് 20.6 ശതമാനം. മറ്റുള്ളവര്‍ പണമുപയോഗിച്ചത് തങ്ങളുടെ നിലവിലുള്ള ബിസിനസ് വര്‍ധിപ്പിക്കാനാണ്.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള തൊഴില്‍ ബ്യൂറോയാണ് പ്രധാന്‍ മന്ത്രി മുദ്ര യോചനയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2015 മുതല്‍ 1.12 കോടി തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്നും സര്‍വ്വെയില്‍ പറയുന്നു. സര്‍വ്വെ റിപ്പോര്‍ട്ട് മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. 1.12 കോടി തൊഴില്‍ അവസരങ്ങളില്‍ 51.06 ലക്ഷവും സ്വയം തൊഴിലോ വര്‍ക്കിങ് ഓണേഴ്‌സോ ആണെന്നും സര്‍വ്വെ പറയുന്നു.
പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ 33 മാസത്തിലുണ്ടായ അധിക തൊഴിലവസരങ്ങള്‍ മൊത്തം ലോണുകളുടെ പത്ത് ശതമാനത്തേക്കാള്‍ കുറവാണ്. പദ്ധതിയുടെ മൂന്ന് വിഭാഗങ്ങളിലാണ് 5.71 ലക്ഷം കോടിയാണ് ലോണായി നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തില്‍ നല്‍കിയത് 12.27 കോടിയാണ്.
നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസിന്റെ കഴിഞ്ഞ വര്‍ഷത്തെ പഠനം അനുസരിച്ച് തൊഴിലില്ലായ്മയുടെ നിരക്ക് ഏറ്റവും കൂടുതലാണ്. 2017-18 കാലയളവില്‍ 6.1 ആണ് തൊഴിലില്ലായ്മ. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ സര്‍വെ നടത്തിയത്.
2015 ലാണ് രാജ്യത്തെ ചെറുകിട സംരംഭകത്വം വളര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി മുദ്ര പദ്ധതി അവതരിപ്പിക്കുന്നത്.