ലണ്ടന്‍: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ജൂലിയന്‍ അസാന്‍ജെയ്ക്ക് 50 ആഴ്ചത്തെ തടവ് വിധിച്ച് ലണ്ടന്‍ കോടതി. ജ്യാമത്തില്‍ പുറത്തിറങ്ങിയ വിക്കിലീക്ക്‌സ് സ്ഥാപകന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ലണ്ടന്‍ പൊലീസ് അസാന്‍ജെയെ എംബസിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കോടതിയ്ക്ക് മുമ്പാകെ അസാന്‍ജെയുടെ വക്കില്‍ വച്ച വാദങ്ങളും അസാന്‍ജെയുടെ കത്തും കോടതി തള്ളിക്കളഞ്ഞു. തനിക്ക് ഖേദമുണ്ടെന്നും എന്നാല്‍ അതല്ലാതെ മറ്റൊരു വഴി തനിക്കില്ലായിരുന്നുവെന്നുമായിരുന്നു അസാന്‍ജെ കത്തില്‍ പറഞ്ഞിരുന്നത്.

ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അസാന്‍ജെ 2012 ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്. അസാന്‍ജെ മനപ്പൂര്‍വ്വം നിയമം ലംഘിച്ചെന്നായിരുന്നു വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഡെബോറ ടെയ്‌ലര്‍ പറഞ്ഞത്. തന്റെ പ്രിവിലേജിന്റെ സ്വാധീനം ഉപയോഗിച്ച് അസാന്‍ജെ നിയമത്തേയും നീതിയേയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും വിധി പ്രഖ്യാപിക്കവെ ജസ്റ്റിസ് പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ അസാന്‍ജെ സഹകരിച്ചെങ്കിലും സ്വീഡന്‍ അന്വേഷണ സംഘവുമായി അസാന്‍ജെ എങ്ങനെയാണ് സഹകരിക്കേണ്ടത് അസാന്‍ജെ അല്ലെന്നും എംബസിയില്‍ കഴിഞ്ഞതോടെ അസാന്‍ജെ കേസ് അന്വേഷണത്തെ വൈകിപ്പിച്ചെന്നും കോടതി പറഞ്ഞു.

ഏപ്രില്‍ 11 ന് ബ്രിട്ടന്‍ പൊലീസാണ് അസാന്‍ജെയെ അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ. അമേരിക്കന്‍ രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് പത്ത് വര്‍ഷമായി അറസ്റ്റ് ഭീഷണി നേരിടുകയായിരുന്നു. അസാൻജെയ്ക്ക് നൽകിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോർ എംബസി പിൻവലിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്ന് അസാന്‍ജെയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കുകയായിരുന്നു. സ്വീഡനിലേക്ക് നാടുകടത്തിയാല്‍ അമേരിക്ക തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അസാന്‍ജെ നേരത്തെ പറഞ്ഞിരുന്നു. അസാന്‍ജെയ്‌ക്കെതിരെ സ്വീഡനിലുള്ള പീഡനക്കേസ് പിന്നീട് റദ്ദാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook