വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍. ബ്രിട്ടന്‍ പൊലീസാണ് അസാന്‍ജെയെ അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ. അമേരിക്കന്‍ രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് പത്ത് വര്‍ഷമായി അറസ്റ്റ് ഭീഷണി നേരിടുകയായിരുന്നു. അസാൻജെയ്ക്ക് നൽകിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോർ എംബസി പിൻവലിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ജൂലിയന്‍ അസാന്‍ജെയ്ക്ക് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അസാന്‍ജെയുപടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ. 2012 ജൂണ്‍ 29 നാണ് അസാന്‍ജെക്കെതിരെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ലണ്ടനിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലാണ് അസാന്‍ജെയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്ന് യുകെ മെട്രോപോളിറ്റന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് 47 കാരനായ ജൂലിയന്‍ അസാന്‍ജെ.

സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്ന് അസാന്‍ജെയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കുകയായിരുന്നു. സ്വീഡനിലേക്ക് നാടുകടത്തിയാല്‍ അമേരിക്ക തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അസാന്‍ജെ നേരത്തെ പറഞ്ഞിരുന്നു. അസാന്‍ജെയ്‌ക്കെതിരെ സ്വീഡനിലുള്ള പീഡനക്കേസ് പിന്നീട് റദ്ദാക്കിയിരുന്നു.

പ്രാദേശിക സമയം രാവിലെ 10.35 നായിരുന്നു വീക്കിലീക്ക്‌സ് സ്ഥാപകനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വയം പുറത്ത് കടക്കാന്‍ അസാന്‍ജെ തയ്യാറാകാതെ വന്നതോടെ അദ്ദേഹത്തെ പിടിച്ചു വലിച്ച് പുറത്ത് കടത്തുകയായിരുന്നു. ”യുകെ പ്രതിരോധിക്കണം, നിങ്ങള്‍ക്ക് പ്രതിരോധിക്കാനാകും” എന്ന് അസാന്‍ജ് വിളിച്ചു പറയുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും.

അതേസമയം, അസാന്‍ജിന്റെ അറസ്റ്റിനെതിരെ എഡ്വേര്‍ഡ് സ്‌നോഡന്‍ രംഗത്തെത്തി. അറസ്റ്റിനെതിരെ നേരത്തെ തന്നെ യുഎന്‍ രംഗത്തെത്തിയിരുന്നുവെന്നും മനുഷ്യാവകാശ ലംഘനമാണെന്നും സ്‌നോഡന്‍ പറഞ്ഞു. ഈയ്യടുത്ത് വരെ അസാന്‍ജിന്റെ സ്വാതന്ത്ര്യത്തിനായി യുഎന്‍ ഇടപടെലുകള്‍ നടത്തിയിരുന്നതായും സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.