മുംബൈ: അഞ്ച് ഒഎന്‍ജിസി ജീവനക്കാരും രണ്ട് പയലറ്റുമാരുമായി പോയ പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ മൃതദേഹങ്ങളില്‍ നിന്നും പങ്കജ് ഗാര്‍ഗ്, ബിന്ദുലാല്‍ എന്നിവരെ തിരിച്ചറിയാനായിട്ടുണ്ട്. മറ്റു ശരീരങ്ങളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

ജൂഹൂ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട പവന്‍ ഹന്‍സിന്റെ ഹെലികോപ്റ്ററാണ് ദഹാനുവിന് ഇരുപത് മൈലപ്പുറം തകര്‍ന്നു വീണത്. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നേരത്തെ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

രാവിലെ 10.58നു ഒഎന്‍ജിസി ഫീല്‍ഡില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ അവസാനമായി എയര്‍ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്നത് 10.20നാണ്. കടലില്‍ ഹെലികോപ്റ്ററിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും ഒരു മൃതദേഹം കണ്ടെത്താനായിട്ടുണ്ട് എന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചത്.

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു മലയാളികളടക്കം നാലുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. കെ.ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരാണ് കാണാതായ മലയാളികൾ. ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്. ഇവർക്കുപുറമേ ശരവണൻ, പങ്കജ് ഗാർഗ്, പി.ശ്രീനിവാസൻ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും തന്നെ ഡപ്യൂട്ടി ജനറൽ മാനേജർമാരാണ്.

“ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. എന്തെങ്കിലും ലഭിക്കുകയാണ് എങ്കില്‍ ഞങ്ങള്‍ അറിയിക്കും. ” കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ട്വിറ്റര്‍ വഴി അറിയിച്ചത്.

അതേസമയം, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ