ന്യൂഡൽഹി: ജുഡീഷ്യറി അമിതഭാരം വഹിക്കുന്നുവെന്നും കേസുകൾ തീർപ്പാക്കാൻ മതിയായ കോടതികൾ ഉണ്ടെങ്കിൽ മാത്രമേ നീതി സാധ്യമാകൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ട്രിബ്യൂണലുകളിലെ ഒഴിവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
“ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങളും ഒഴിവുകൾ നികത്തലും പ്രധാന ആശങ്കകളായി തുടരുന്നു. ആവശ്യത്തിന് കോടതികൾ ലഭ്യമാക്കിയാൽ മാത്രമേ നീതി സാധ്യമാകൂ… നമ്മുടെ ജുഡീഷ്യറി ഇതിനകം തന്നെ അമിതഭാരം വഹിക്കുന്നുണ്ട്,” തെലങ്കാന സ്‌റ്റേറ്റ് ജുഡീഷ്യൽ ഓഫീസേഴ്‌സ് കോൺഫറൻസ്-2022ന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഈ വർഷം ആദ്യം, വിവിധ ട്രിബ്യൂണലുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് സുപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടും സർക്കാർ അതിനെ ലാഘവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞു സർക്കാരിനെതിരെ രംഗത്തെത്തിയ ചീഫ് ജസ്റ്റിസ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും സർക്കാരിനെതിരെ ചോദ്യം ഉന്നയിച്ചിരുന്നു.
“നിങ്ങളുടെ നിലപാട് എന്താണെന്ന് ഞങ്ങൾക്ക് അറിയണം. കഴിഞ്ഞ തവണ ചില നിയമനങ്ങൾ നടന്നതായി നിങ്ങൾ പറഞ്ഞു. അതിനു ശേഷം ഒന്നും നടക്കുന്നില്ല…. ബ്യൂറോക്രസി ഇത് വളരെ ലാഘവത്തോടെയാണ് കാണുന്നത്. ഉത്തരവുകൾ ഞങ്ങൾ തന്നെ കേൾക്കുകയും പാസാക്കുകയും ചെയ്യുന്നതാണ് നല്ലത്, ” ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അന്ന് പറഞ്ഞു.
2021 ജൂലൈയിൽ, വിവിധ ട്രിബ്യൂണലുകളിലെ അംഗങ്ങളുടെ സേവനത്തിനും കാലാവധിക്കും നിബന്ധനകൾ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടുള്ള ട്രിബ്യൂണൽ റിഫോംസ് ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുമ്പത്തെ നിയമത്തിന് സമാനമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ട്രിബ്യൂണൽ റിഫോംസ് ബിൽ സർക്കാർ കൊണ്ടുവന്നു.
അന്നുമുതൽ, ട്രിബ്യൂണലുകളിലെ ഒഴിവുകളുടെ പ്രശ്നം ഉയർത്തിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി പലതവണ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ബ്യൂറോക്രസിക്ക് ട്രിബ്യൂണലുകൾ ആവശ്യമില്ല എന്നതാണ് ഞങ്ങൾക്ക് ലഭിക്കുന്ന ധാരണ” എന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് പരാമർശിച്ചുകൊണ്ട് ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സർക്കാർ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: ഇന്ത്യ അഹിംസ സംസാരിക്കും, പക്ഷേ വടിയും കൊണ്ടുനടക്കും: മോഹൻ ഭാഗവത്