സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റിസ് കുര്യൻ ജോസഫ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ്. സുപ്രീം കോടതിയുടെ പല നിർണ്ണായക തീരുമാനങ്ങളിലും ഭാഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് മറ്റൊരു ചരിത്രത്തിൽ കൂടി തന്റെ പേര് എഴുതി ചേർത്ത ശേഷമാണ് സുപ്രീം കോടതിയിൽ നിന്നും പടി ഇറങ്ങുന്നത്.
സുപ്രീംകോടതിയുടെ 38 വർഷത്തെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിധികൾ എഴുതിയ ആദ്യ പത്ത് ന്യായധിപന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. 1034 കേസുകളിൽ വിധി തീർപ്പാക്കിയ അദ്ദേഹം പട്ടികയിൽ പത്താം സ്ഥാനത്താണ്. നിലവിലെ സുപ്രീംകോടതി ജഡ്ജിമാരിൽ ഏറ്റവും കൂടുതൽ കേസുകളിൽ വിധി എഴുതിയതവരിൽ ഒന്നാമനാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
1980 മുതൽ കഴിഞ്ഞ മുപ്പത്തിയെട്ട് വർഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ദേവ്യാൻഷു ശേഖർ പറഞ്ഞു. കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്ന ലോ കൻസൾട്ടിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ദേവ്യാൻഷു ശേഖർ.
മുത്തലാഖ് ഉൾപ്പടെയുള്ള പല സുപ്രധാന വിധികളും പുറപ്പെടുവിച്ച ബെഞ്ചുകളിൽ അദ്ദേഹം അംഗമായിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോടതിക്ക് പുറത്ത് വന്ന് വാർത്ത സമ്മേളനം നടത്തിയ മുതിർന്ന നാല് ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. ജനുവരി 12നായിരുന്നു കേസുകൾ വാദം കേൾക്കുന്നതുമായ ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി മുതിർന്ന ജഡ്ജിമാർ വാർത്ത സമ്മേളനം നടത്തിയത്.
കഴിഞ്ഞ ഏപ്രലിൽ വിദ്യാർത്ഥികളുമായി സംവദിക്കവെ ജുഡിഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ കാവൽനായ്ക്കളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. “ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി, അത് അപകടത്തിലാകുമ്പോള്‍ ഈ കാവല്‍ നായ്ക്കള്‍ കുരയ്ക്കണം. എന്നാല്‍ ഈ കുര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കുക എന്നല്ലാതെ വേറെ വഴിയില്ല.” ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും വിരമിച്ച ശേഷം വിവിധ പദവികള്‍ സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുന്നു എന്ന വിമര്‍ശനം ശക്തമാണെന്നും കുര്യൻ ജോസഫ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടിരുന്നു.
കോടതിക്ക് പുറത്തും കഴിഞ്ഞ ദിവസം കുര്യൻ ജോസഫ് വാർത്തകളിൽ ഇടം നേടിയിരുന്നു. ദക്ഷിണേന്ത്യൻ നടിയായ ശാരദയുടെ അഭിപ്രായ പ്രകടനമാണ് കുര്യൻ ജോസഫിനെ വിധിക്ക് പുറത്ത് വാർത്തയാക്കിയത്. “ഇത്രയും സുന്ദരനായ ജസ്റ്റിസ് കുര്യൻ ജോസഫിനെ നേരത്തെ കണ്ടിരുന്നുവെങ്കിൽ തന്റെ സിനിമയിലെ നായകനാക്കുമായിരുന്നു”എന്നായിരുന്നു നടി ശാരദയുടെ വാക്കുകൾ.
“ശാരദയുടെ അടുത്ത ചിത്രത്തിൽ തന്നെ നായകനാക്കുമായിരിക്കു മെന്നായിരുന്നു” ഇതിന് ജഡ്ജി കുര്യൻ ജോസഫിന്റെ മറുപടി. കവിയും കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് ചിത്തിര തിരുനാൾ പുരസ്ക്കാരം സമർപ്പിക്കുന്ന വേദിയിലായിരുന്നു ശാരദയുടെ അഭിപ്രായ പ്രകടനവും ജഡ്ജി കുര്യൻ ജോസഫിന്റെ മറുപടിയും.
നവംബർ 29നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത്.