കൊല്‍ക്കത്ത: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ 2,000 കിലോമീറ്ററിലാധികം ദൂരം കാറില്‍ സഞ്ചരിച്ചു. വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ചുമതലയേറ്റെടുക്കുവാന്‍ ഇവര്‍ റോഡ് മാര്‍ഗമുള്ള സഞ്ചാരം തെരഞ്ഞെടുത്തത്.
കൊല്‍ക്കത്ത ഹെക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ ബോംബെ ഹോക്കോടതി ചീഫ് ജസ്റ്റിസായും അലഹബാദ് ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് സോമദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തെരഞ്ഞെടുത്തത്.
Read More: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചോദ്യം ചോദിക്കാം; മന്ത്രി ട്വിറ്റർ ലൈവിൽ ഉത്തരം പറയും
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചുമതലയേല്‍ക്കാന്‍ മകനോടൊപ്പം ശനിയാഴചയാണ് കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ അദേഹം മുംബൈയില്‍ എത്തും.
ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ കൊല്‍ക്കത്ത വഴിയാണ് ഷില്ലോംഗിലേക്ക് പോകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഭാര്യയോടൊപ്പം ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ അദേഹം സ്ഥലത്ത് എത്തും.
അതേസമയം, കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരുകയാണ്. മേയ് മൂന്ന് വരെയാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും.
മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്‌ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.
രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 26,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 26,496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,868 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 824 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഗുജറാത്തിലും സ്ഥിതി സങ്കീർണമാണ്.