രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ വിധിച്ച സുപ്രീം കോടതിയിലെ മൂന്നംഗ ജഡ്ജിമാരിലൊരാളായ കെ.ടി.തോമസ്, പ്രതികളോട് മഹാമനസ്കത കാണിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതി. 1991 മുതൽ ജയിലിൽ കഴിയുന്ന ഇവരെ വിട്ടയക്കാൻ ഉളള സന്നദ്ധത അറിയിക്കണമെന്നന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.

ഒക്ടോബർ 18ന് എഴുതിയ കത്തിൽ തമിഴ്നാട് സർക്കാർ 2014ൽ ഇവരെ വിട്ടയ്ക്കാൻ തീരുമാനിച്ചുവെങ്കിലും കേന്ദ്രം എതിർത്തതിനെ തുടർന്ന് ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മുൻ ജസ്റ്റിസ് കെ.ടി.തോമസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

“ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞ, ജീവിതത്തിലെ നല്ലൊരു പങ്ക് സമയവും ജയിലിലായിരുന്ന ഇവരെ വിട്ടയ്ക്കാൻ സോണിയയും രാഹുൽജിയും (കഴിയുമെങ്കിൽ പ്രിയങ്കജിയും) പ്രസിഡന്റിന് എഴുതിയാൽ ഒരു പക്ഷേ, കേന്ദ്ര സർക്കാർ ഇതിന് തയ്യാറാകുമെന്ന് തോന്നുന്നു. ഇത് മനുഷ്യത്വപരമായ ഒരു പരിഗണന മാത്രമാണ് എന്ന് എനിക്ക് തോന്നുന്നു. അങ്ങേയ്ക്ക് മാത്രമാണ് ഈ കാര്യത്തിൽ സഹായിക്കാൻ സാധിക്കൂ. ഈ കേസിൽ ശിക്ഷ അനുഭവിക്കുന്നവർക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാൾ എന്ന നിലയിൽ ഇപ്പോൾ എനിക്ക് തോന്നുന്നത്, അങ്ങ് മഹാമനസ്കത കാണിക്കണമെന്ന് അഭ്യർത്ഥിക്കാനാണ്.”

ശിക്ഷിക്കപ്പെട്ടവരോട് “അനുകമ്പ ” കാണിക്കണമെന്ന് കത്തിൽ പറഞ്ഞിട്ടുളളതായി അദ്ദേഹം ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു. ഈ കേസിലെ അന്വേഷണത്തിൽ സിബിഐയുടെ ഭാഗത്ത് നിന്നും “ഗുരുതരമായ പിഴവുകൾ” ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇതാണ് ഇന്ത്യൻ ക്രിമിനൽ ജുഡീഷ്യൽ സംവിധാനത്തിൽ “മാപ്പർഹിക്കാത്ത കുറ്റ”മാണ് ഇത് എന്ന് വിശ്വസിക്കുന്ന തലത്തിലെത്തിച്ചത്.

മഹാത്മാഗാന്ധിയുടെ വധത്തിലെ പ്രധാന പ്രതിയായിരുന്ന നാഥുറാം ഗോഡ്സെയുടെ സഹോദരനും ഗൂഢാലോചന കേസിൽ പ്രതിയുമായിരുന്ന ഗോപാൽ ഗോഡ്സെയെ 14 വർഷത്തിന് ശേഷം 1964 ൽ ജയിലിലിൽ നിന്നും വിട്ടയച്ച കേന്ദ്ര സർക്കാർ തീരുമാനവും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

“ഈ തടവുകാരോട് സൗമനസ്യം കാണിക്കുന്നത് വഴി അങ്ങയെ ദൈവം അനുഗ്രഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഈ അപേക്ഷ മുന്നോട്ട് വച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,”എന്ന വരികളെഴുതിയാണ് ജസ്റ്റിസ് തോമസ് അദ്ദേഹത്തിന്രെ കത്ത് അവസാനിപ്പിക്കുന്നത്.

ജസ്റ്റിസ്മാരായ കെ.ടി.തോമസ്, ഡി.പി.വാധ്വ, സെയ്ദ് ഷാ മുഹമ്മദ് ക്വാദ്രി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് 1999 മെയ് 11നു ഏഴ് പ്രതികളെ രാജീവ് ഗാന്ധി കേസിൽ ശിക്ഷിക്കുന്നത്. നാല് പേർക്ക് വധശിക്ഷ വിധിച്ചു. മുരുകൻ എന്ന ശ്രീഹരൻ, മുരുകന്രെ ഭാര്യ എസ്.നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്കായിരുന്നു. വധശിക്ഷ വിധിച്ചത്. മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.

രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുപെതൂരിൽ 1991 ൽ മെയ് 21 ൽ സംഭവ സ്ഥലത്തുണ്ടായിരുന്നത് പ്രതികളിലൊരാളായ നളിനി മാത്രമായിരുന്നു. നളിനിയുടെ ശിക്ഷ സംബന്ധിച്ച് തോമസിന്രെ നിലപാടി മറ്റ് രണ്ടുപേരും തളളിയതിനാൽ നളിനിക്ക് വധശിക്ഷ വിധിച്ചു. പിന്നീട് 2000ത്തിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി.

പ്രിയങ്ക ഗാന്ധി 2008ൽ വെല്ലൂർ ജയിലിലെത്തി നളിനിയെ കണ്ടു. 2014ൽ മറ്റ് മൂന്ന് പേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് സുപ്രീം കോടതി ഉത്തരവായി.

ഉന്നതനായ വ്യക്തിയുടെ കൊലപാതകമായതിനാലാകാം കോടതി കടുത്ത ശിക്ഷ വിധിച്ചതെന്ന് ഇടയ്ക്ക് അത്ഭുതപ്പെടാറുണ്ടെന്ന് ജസ്റ്റിസ് തോമസ് പറഞ്ഞു. “ഇത് ഉന്നതനായ വ്യക്തിയുമായി ബന്ധമില്ലാത്ത കേസായിരുന്നുവെങ്കിൽ അതിന്രെ ഫലമെന്തായിരിക്കും? എനിക്ക് ഉത്തരമില്ല” അദ്ദേഹം ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കുവേണ്ടി ഇടപെടണമെന്ന് സോണിയ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു. “അവർ രാജീവ് ഗാന്ധിയുടെ കൊലപാതികളായാണ് കരുതപ്പെടുന്നത്. സോണിയയോടുളള എന്രെ അഭ്യർത്ഥന ഈ ഘട്ടത്തിൽ അവരോട് കരുണ കാണിക്കണമെന്നാണ്. അതിൽ എന്നെ തെറ്റിദ്ധരിക്കരുത്.” അദ്ദേഹം പറഞ്ഞു.

ജവഹർലാൽ നെഹ്‌റു യുഗത്തിൽ  നമുക്ക് ഇത്തരം മൂല്യങ്ങളുടെ ചരിത്രമുണ്ട്. മഹാത്മാഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗോപാൽ ഗോഡ്സെയെ 14 വർഷത്തിന് ശേഷം വിട്ടയച്ചത്. 1964 ൽ ഗോപാൽ ഗോഡ്സെയെ വിട്ടയ്ക്കുമ്പോൾ ജവഹർലാൽ നെഹ്റുയുഗമായിരുന്നു. അദ്ദേഹത്തിന്രെ മരണ ശേഷം അഞ്ച് മാസം കഴിഞ്ഞായിരുന്നു ഗോപാൽ ഗോഡ്സയെ വിട്ടയച്ചത്.

ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി നൽകുന്ന കുറ്റസമ്മതമൊഴിയെ കുറിച്ച് വളരെ തീഷ്ണമായ ചർച്ചകളാണ് പേരറിവാളൻ കേസ് ഉയർത്തിയത്.

തെളിവ് നിയമപ്രകാരം കുറ്റസമ്മത മൊഴി തെളിവുകളെ ബലപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഒന്ന് മാത്രമാണ്. എന്നാൽ എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ജഡ്ജിമാരും അതിനോട് യോജിച്ചില്ല. ഇത് തെളിവായി തന്നെ പരിഗണിക്കണമെന്ന നിലപാടായിരുന്നു അവരുടേത്. തെറ്റായ ഒരു നിയമവഴിയുണ്ടാകാതെ തടയാൻ പലതവണ അവരുമായി ഇതേ കുറിച്ച് ചർച്ചകൾ നടത്തി. അവരെ ഇത് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ടാഡ (ടെററിസ്റ്റ് ആൻഡ് ഡിസറ്പ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്) പ്രകാരം കുറ്റസമ്മത മൊഴി സ്വതന്ത്രമായി നിലനിൽക്കുന്ന തെളിവാണെന്നായിരന്നു ഭൂരിപക്ഷ വിധികളിലും ഉണ്ടായിരുന്നു. പിന്നീട് ഭൂരിപക്ഷം പേരും നിയമത്തെ തെറ്റായിയാണ് ഈ കേസിൽ വ്യാഖ്യാനിച്ചതെന്ന് എന്രെ സീനിയർ ജഡ്ജിമാർ എന്നോട് പറഞ്ഞു.

ഈ കേസിൽ ശിക്ഷിക്കപ്പെട്ടവരെ 24 വർഷത്തിന് ശേഷം തൂക്കിക്കൊല്ലുന്നതിലെ അനർത്ഥം 2013 ൽ ജസ്റ്റിസ് തോമസ് ഉന്നയിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന്രെ ഗുരുതരമായ പിഴവുകൾ  വിചാരണ സമയത്ത് പലപ്പോഴും തന്നെ “ക്ഷുഭിതനാക്കി”യിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അവർ പിടിച്ചെടുത്ത് 40 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണ ഏജൻസിയുടെ അറിവില്ലായ്മ.

“പ്രധാന പ്രതികളെല്ലാം ശ്രീലങ്കയിൽ നിന്നുളളവരാണ്.  കുറച്ച് ശ്രീലങ്കൻ കറൻസികൾ പിടിച്ചെടുത്ത് മനസ്സിലാക്കാൻ സാധിക്കും, എന്നാൽ അന്നത്തെ കാലത്ത് 40 ലക്ഷം എന്ന വലിയ തുക എങ്ങനെയെന്ന് സോളിസിറ്റർ ജനറൽ അൽത്താഫ് അഹമ്മദിനോട് ചോദിച്ചു. അത് വിരൽ ചൂണ്ടുന്നത് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക്  പിന്നിൽ ശക്തമായ സാമ്പത്തികശക്തികളുണ്ടെന്നതാണ്. ഈ പണത്തിന്രെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അന്വേഷണ സംഘത്തലവൻ ഡി.ആർ.കാർത്തികേയനുമായി സംസാരിച്ചശേഷം മറുപടിക്കായി സമയം ചോദിച്ചു. അടുത്ത ദിവസം അൽത്താഫ് അഹമ്മദ് പറഞ്ഞത് അന്വേഷണ സംഘത്തിന് പണത്തിന്രെ ഉറവിടം കണ്ടെത്താനായില്ല എന്നാണ്” ജസ്റ്റിസ് തോമസ് പറഞ്ഞു.

“ഈ ഗുരുതരമായ പിഴവുകളിൽ ഞാൻ അസ്വസ്ഥനായി. എന്രെ ആശങ്കകൾ ബഞ്ചിലെ മറ്റ് രണ്ട് ജഡ്ജിമാരുമായി പങ്കുവച്ചു. സിബിഐയുടെ അധ്വാനത്തെ പരിഗണിച്ച്  അന്തിമ വിധിയിൽ സിബിഐയെ വിമർശിക്കരുതെന്ന്  ഇരുവരും അഭിപ്രായപ്പെട്ടു. സിബിഐയ്ക്ക് വിമർശനമോ അനുമോദനമോ വേണ്ടെന്ന് അഭിപ്രായം ഞാൻ പ്രകടിപ്പിച്ചു. അവർ അത് സമ്മതിച്ചു. അന്തിമവിധിയുടെ കരട് തയ്യാറാക്കിയ ശേഷം അവ  വായിക്കാനായി പരസ്പരം കൈമാറി.  പക്ഷേ, വിധിദിനത്തിൽ ജസ്റ്റിസ് ഡി.പി.വാധ്വാ വിധിയിൽ  സിബിഐ ഡയറക്ടർ കാർത്തികേയനെ ഹൃദയംഗമമായി പ്രശംസിക്കുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

“ഞാൻ സീനിയർ ജഡ്‌ജ് ആയിരുന്നതിനാൽ എന്രെ വിധിന്യായം വായിച്ചതിന് ശേഷമായിരന്നു വാധ്വാ വിധിന്യായം വായിച്ചത്. അദ്ദേഹം അദ്ദേഹത്തിന്രെ വിധിന്യായത്തിൽ മാറ്റം വരുത്തിയത് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ എന്രേതായ നിരീക്ഷണങ്ങളിൽ  ഉറച്ചു നിൽക്കുമായിരുന്നു” ജസ്റ്റിസ് തോമസ് പറഞ്ഞു.

കൊൽക്കത്തിയിലുളള റിട്ട: ജസ്റ്റിസ് വാധ്വയെ ജസ്റ്റിസ് തോമസിന്രെ അഭിപ്രായത്തോടുളള പ്രതികരണമാരാഞ്ഞ് ഇന്ത്യൻ എക്സ്പ്രസ്  ഫോണിലൂടെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

ജസ്റ്റിസ് തോമസ് ഉൾപ്പെട്ട ബഞ്ച് ഈ കേസിലെ 19 പ്രതികളെ വെറുതെ വിട്ടിരുന്നു. അതിലൊരാൾ ദ് വീക്ക്  മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ജസ്റ്റിസ് തോമസ് ഓർത്തെടുത്തു.

“ചന്ദ്രസ്വാമിയാണ്  നാൽപത് ലക്ഷം രൂപ നൽകിയെതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ, ആൾദൈവത്തെ കുറിച്ച് സംസാരിക്കരുതെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ താക്കീത് നൽകിയതായും അഭിമുഖത്തിൽ പറയുന്നു. 2017 മെയ് 23 ന് മരിച്ച ചന്ദ്രസ്വാമിയുടെ പങ്ക് അന്വേഷിക്കാതിരുന്നത് ഇന്ത്യൻ ക്രിമിനൽ അന്വേഷണ സംവിധാനത്തിലെ വീഴ്ചയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.  ഇന്ത്യൻ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തെ സംബന്ധിച്ചടത്തോളം ഇത് ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ്” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook