ഹൈദരാബാദ്: ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിൽ നടന്ന സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഢി രാജിവെച്ചു. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിനാണ് എന്‍ഐഎ കോടതി ജഡ്ജിയായ റെഡ്ഢി രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് വിവരം.

ഇന്ന് രാവിലെ സ്വാമി അസീമാനന്ദ ഉൾപ്പടെ  എല്ലാ പ്രതികളെയും വെറുതെ വിട്ട് അദ്ദേഹം വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ എൻ ഐ​എ പ്രത്യേക കോടതി വെറുതെ വിട്ടത്. അസീമാന്ദ അടക്കം അഞ്ച് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
സ്വാമി അസീമാനന്ദ ഉൾപ്പടെ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ അംഗങ്ങളായിരന്നു ഈ​ കേസിലെ പ്രതികൾ.  2007 മെയ് 18 നാണ് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജ്ദിൽ സ്ഫോടനം സംഭവിക്കുന്നത്. ഇതിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന നടന്ന പൊലീസ് വെടിവെയ്പിൽ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.

ദേവേന്ദർഗുപ്ത, ലോകേഷ് ശർമ്മ, സ്വാമി അസീമാനന്ദ, ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദർ ചൗധരിഎന്നിവരായിരുന്നു കേസിലെ പ്രതികൾ. ഈ​ കേസിലെ രണ്ട് പ്രതികളായ രാമചന്ദ്ര കലസംഗര,സന്ദീപ് ഡാങ്കെ എന്നിവർ ഒളിവിലാണ്. ഈ​ കേസിലെ മുഖ്യ പ്രതിയും ആർ എസ് എസ് ഭാരവാഹിയും ആയ സുനിൽ ജോഷി കേസ് അന്വേഷണത്തിനിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2007 ഡിസംബർ 29 ന് ദുരൂഹ സാഹചര്യത്തിലാണ് സുനിൽ ജോഷി വെടിയേറ്റ് മരിക്കുന്നത്.

പ്രാഥമിക​ അന്വേഷണത്തിന് ശേഷം ഈ​ കേസ് സി ബി ഐയക്ക് കൈമാറിയിരുന്നു. സി ബി ഐ കുറ്റപത്രം നൽകിയ ശേഷം ഏപ്രിൽ 2011 ൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. 230 സാക്ഷികളും 411 രേഖകളും കേസിലുണ്ടായിരുന്നത്. വിചാരണയ്ക്കിടയിൽ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് അടക്കമുളള 35സാക്ഷികൾ കൂറുമാറി.

കുറുമാറിയ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിതിനെ എൻ ഐ എ യാണ് സാക്ഷിയാക്കിയിരുന്നത്. സി ബി ഐ യോ എൻ ഐ എയോ  മക്ക മസ്ജിദ് കേസിൽ തന്റെ മൊഴി സാക്ഷി എന്ന നിലയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. അസീമാനന്ദയെയും ദേവേന്ദ്രഗുപ്ത, സുനിൽ ജോഷി എന്നിവരെ ഇന്ത്യൻ ആർമിയിലെ ഇന്റലിജൻസ് ഓഫീസർ എന്ന നിലയിൽ അറിയാമെന്നും എന്നാൽ അവരുമായി കൂടിക്കാഴ്ചകളുണ്ടായിട്ടില്ലെന്നും കോടതിയിൽ പറഞ്ഞു. ലഫ. കേണൽ ശ്രീകാന്ത് പുരോഹിത് മാലേഗാവ് ബോംബ് സ്ഫോടനകേസിൽ പ്രതിയാണ്. ഇപ്പോൾ ഈ കേസിൽ ജാമ്യത്തിലാണ് പുരോഹിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ