ന്യൂഡൽഹി: സൊഹ്റാബുദ്ധീൻ വധക്കേസിൽ വാദം കേട്ടിരുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര അന്വേഷണം വേണമോയെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സർക്കാരിനോടാണ് ഇക്കാര്യത്തിൽ നിലപാട് തേടിയത്.
ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ശാന്തനഗൗഡ എന്നിവരുൾപ്പെട്ട ബെഞ്ചിന് മുൻപിൽ കേസ് എത്തിയപ്പോഴാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി ഉത്തരവിട്ടത്. കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്ന് മനസിലാക്കിയ ശേഷമാണ് സുപ്രീംകോടതി ഈ ഉത്തരവിട്ടത്.
“വളരെ ഗൗരവമേറിയ കേസാണിത്. ഇതിൽ ഏതെങ്കിലും കക്ഷിയെ ഒഴിവാക്കാനാവില്ല. എല്ലാവരുടെയും അഭിപ്രായം കേൾക്കണം. സംസ്ഥാന സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് അവർ അറിയിക്കട്ടെ”, കോടതി പറഞ്ഞു.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് വിട്ടതിനെ തുടർന്നാണ് ഇന്നലെ സുപ്രീംകോടതി ജസ്റ്റിസുമാർ രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസ് തന്റെ അധികാരം ഉപയോഗിച്ച് കേസുകൾ നിക്ഷിപ്ത താൽപര്യ പ്രകാരം വിവിധ ബെഞ്ചുകൾക്ക് അനുവദിച്ച് കൊടുക്കുന്നതിനെയാണ് സുപ്രീംകോടതിയിലെ മുതിർന്ന നാല് ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ലോകൂർ, കുര്യൻ ജോസഫ് എന്നിവർ എതിർത്തത്.