ന്യൂഡൽഹി: സി ബി ഐ കോടതി ജഡ്‌ജി ബി എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെനന് ആവശ്യപ്പെട്ട് പതിനഞ്ച് പ്രതിപക്ഷ എം പിമാരുടെ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു.
കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷ എം പിമാരുടെ പ്രതിനിധി സംഘത്തിൽ സി പി എമ്മിന്റേതുൾപ്പടെയുളള പ്രതിപക്ഷ പാർട്ടികളുടെ എം പിമാരാണ് ഉണ്ടായിരുന്നത്.

പാർലമെന്റിലെ 114 എംപിമാർ രാഷ്ട്രപതി നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. നിവേദനത്തോട് രാഷ്ട്രപതി പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബി ജെപി അഖിലേന്ത്യാ പ്രസിഡന്റായ അമിത് ഷാ പ്രതിയായ സൊഹറാബ്ദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസ് വിചാരണ ചെയ്തിരുന്ന ജഡ്‌ജിയായിരുന്നു ബി എച്ച് ലോയ.

” ദുരൂഹ സാഹചര്യത്തിൽ ഒരു ജഡ്‌ജി മരണടയുന്നു. ഇത് സംബന്ധിച്ച ശരിയായ അന്വേഷണം നടക്കേണ്ടതുണ്ട്. ലോകസഭയിലെയും രാജ്യസഭയിലേയും നിരവധി എം പിമാർക്ക് ഇക്കാര്യത്തിൽ അസ്വസ്ഥതയുണ്ട്. ഇത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കേണ്ടതുണ്ട്. ജഡ്‌ജി ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ 15 പ്രതിപക്ഷ പാർട്ടികളിലെ 114 എം പിമാർ ഒപ്പിട്ടിട്ടുണ്ട്. മറ്റ് രണ്ട് ദുരൂഹമരണങ്ങളും സംഭവിച്ചിട്ടുണ്ട്.” രാഹുൽ ഗാന്ധി പറഞ്ഞു.

രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപിൽ സിബൽ, ഗുലാം നബി ആസാദ്, ഡി രാജ എന്നീ മുതിർന്ന നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ശരിയായ രീതിയിൽ സ്വതന്ത്രമായ അന്വേഷണം ഈ​ വിഷയത്തിൽ നടക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീൻ ഷെയ്‌ഖ് ഏറ്റുമുട്ടൽ കേസ് വിചാരണ കേട്ടിരുന്ന ജഡ്‌ജിയായിരുന്നു ലോയ. കേസിന്റെ വിചാരണയ്ക്കിടയിൽ 2014 ഡിസംബർ ഒന്നിന് നാഗ്‌പൂരിൽ വച്ച് ഹൃദയാഘാതത്താൽ ലോയ മരിച്ചുവെന്നാണ് വാർത്തകൾ വന്നത്. അദ്ദേഹം സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനാണ് നാഗ്‌പൂരിലെത്തിയിരുന്നത്.
2017 നവംബറിൽ ജഡ്‌ജി ലോയയുടെ സഹോദരി അദ്ദേഹത്തിന്റെ ദുരൂഹ മരണത്തിൽ സംശയമുന്നയിച്ചതോടെയാണ് ഈ വിഷയം ഉയർന്ന് വന്ന്. സൊഹറാബ്ദ്ദീൻ കേസും ലോയയുടെ ദുരൂഹ മരണവും സാഹചര്യങ്ങളുമൊക്കെയാണ് ഈ സംശയങ്ങളുടെ അടിസ്ഥാനമായി.

സൊഹാറ്ബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ ആകെ 23 പ്രതികളാണ് ഉളളത്. പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടയാണ് ഇത്.

ഈ കേസിന്റെ വിചാരണ മുംബൈയിലേയ്ക്ക് മാറ്റിയിരുന്നു. ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയുടെ മുന്നിൽ ജനുവരി എട്ടിന് പൊതു താൽപര്യ ഹർജി വന്നിരുന്നു. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് പരാതി നൽഖിയത്. നിലവിൽ ഈ​ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ