ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമേറിയതെന്ന് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. സർക്കാർ രേഖകളും മെഡിക്കൽ രേഖകളും വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ബോംബൈ ഹൈക്കോടതിയിലെ മുഴുവൻ ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ഒരു ഹൈക്കോടതിയും ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

സിബിഐ സ്പെഷൽ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹസീൻ പൊണ്ണാവാല, മാഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകൻ ബി.എസ്.ലോൺ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റു ജഡ്ജിമാർ.

നേരത്തെ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. എന്നാൽ കേസ് അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് കൈമാറിയതിനെ മുതിർന്ന ജസ്റ്റിസുമാർ പരസ്യമായി എതിർത്ത് രംഗത്തെത്തി. ജസ്റ്റിസ് ജെ.ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് ലോയയുടെ കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് അനുവദിച്ചത് ക്രമം തെറ്റിച്ചാണെന്ന ആരോപിച്ച് പത്രസമ്മേളനം നടത്തിയത്. വിവാദങ്ങളെ തുടർന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു മുന്നിൽ എത്തുകയായിരുന്നു.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍ വച്ചാണ് ദുരൂഹമായി മരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ വാദം കേട്ടിരുന്നത് ലോയയാണ്.

ലോയ മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ കേസിൽ വാദം നടന്ന ദിവസങ്ങളിലൊന്നായ ഒക്ടോബർ 31ന് അമിത് ഷാ കോടതിയിൽ ഹാജരായില്ല ഇതിനെ ലോയ വിമർശിച്ചിരുന്നു. കേസ് ഡിസംബർ 15ലേയ്ക്കു കേസ് മാറ്റി. എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് ഡിസംബർ ഒന്നിന് ലോയ മരിച്ചു. ഈ കേസിൽ ബിഎച്ച് ലോയയുടെ മരണശേഷം നടന്ന വിചാരണയിൽ അമിത് ഷായെ വെറുതെ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ