ന്യൂഡല്‍ഹി: സൊഹറാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വാദം കേള്‍ക്കാനുള്ള അടുത്ത തീയതി ഏതാണെന്ന് കോടതി വ്യക്തമാക്കിയില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ എന്നിവരടങ്ങുന്ന ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ജനുവരി 15ന് മുമ്പായി പ്രതികരണമറിയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരാ ഹരീഷ് സാല്‍വെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ രേഖകള്‍ ഹര്‍ജിക്കാരെ കാണിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ മാധ്യമപ്രവര്ത്തകന് ബി.ആര്.ലോണെ, കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനാവാല എന്നിവരാണ് ഹര്ഹിക്കാര്. കേസില്‍ ന്യായവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ലോണെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ലോയയുടെ മരണം ചോദ്യംചെയ്യപ്പെടേണ്ടതും, ദുരൂഹവും, വൈരുദ്ധ്യം നിറഞ്ഞതുമാണെന്ന് പൂനാവാല ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ആര്‍എസ്എസ് അധികാരികളെ ഉപയോഗിച്ച് സര്‍ക്കാര്‍ നീതിന്യായ വകുപ്പിനെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം നാല് ജഡ്ജിമാര്‍ക്കുമെതിരെ ആര്‍എസ്എസ് പരാമര്‍ശം നടത്തിയിരുന്നു. കൂടാതെ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മെഡിക്കല്‍ കോഴ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ്, ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, ആര്.ഗൊഗോയ്, കുര്യന് ജോസഫ്, എം.ബി.ലോകുര്‍ എന്നിവര്‍ക്കും കൈമാറി.
കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യപ്രതികരണം നടത്തിയത്. ഇത്തരമൊരു പ്രതികരണത്തിന്റെ കാരണങ്ങളില്‍ ഒന്ന് ലോയ കേസാണ്. ചില കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്ക് ഇഷ്ടമുള്ള ബെഞ്ചിന് നല്‍കുന്നുവെന്നായിരുന്നു ജഡ്ജിമാരുടെ ആരോപണം.