ന്യൂഡൽഹി: എൻഡിഎ ദേശീയ യോഗത്തിൽ ബിജെപി യുടെ ബീഫ് നയത്തെ തുറന്നെതിർത്ത് കേരളത്തിലെ സഖ്യകക്ഷിയായ ജെആർഎസിന്റെ നേതാവ് സി.കെ.ജാനു. ഈ നയം കേരളത്തിലെ സഖ്യകക്ഷികളെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ടെന്ന ജാനുവിന്റെ പ്രസ്താവനയെ ഞെട്ടലോടെയാണ് കേരളത്തിലെ ബിജെപി നേതാക്കളടക്കം കണ്ടിരിക്കുന്നത്.

ബീഫ് പോലുള്ള അനാവശ്യ വിഷയങ്ങൾക്ക് പുറകെ പോകാതെ ദളിത്-ആദിവാസി-തൊഴിലാളി വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിലപാട് താഴേത്തട്ടിൽ എത്തണമെന്ന് സി.കെ.ജാനു യോഗത്തിൽ പറഞ്ഞു. ഇതിനായി ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യമാണ് അവർ യോഗത്തിൽ ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മറ്റ് കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് തുടങ്ങിയവർ സംബന്ധിച്ച യോഗത്തിലായിരുന്നു വിമർശനം.

മറ്റ് നേതാക്കൾ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതിരുന്നപ്പോഴാണ് തന്റെ നിലപാട് തുറന്ന് പറഞ്ഞ് ദേശീയ നേതൃത്വത്തിന് പോലും ജാനു ഞെട്ടലുണ്ടാക്കിയത്. മലയാളത്തിലുള്ള ജാനുവിന്റെ പ്രസംഗം കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും യോഗത്തിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ