ന്യൂഡല്‍ഹി: ഇനി ജീവിതത്തെക്കുറിച്ച് പരാതി പറയാന്‍ ജോയിത മണ്ഡലിന് സമയമില്ല; പകരം മറ്റുള്ളവരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും നിയോഗിക്കപ്പെട്ടിരിക്കുകയാണ് ജോയിത. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ നിര്‍ബന്ധിത ഭിക്ഷാടനത്തിലേക്ക് തള്ളിവിടപ്പെട്ട ജോയിത ഇന്ന് ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ ഇത്തരമൊരു പദവിയിലെത്തുന്നത്.

തന്റെ അസ്ഥിത്വത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെടുകയും തെരുവുകളിലും ബസ് സ്റ്റാന്‍ഡുകളിലും അന്തിയുറങ്ങുകയും ചെയ്ത ഒരു ഭൂതകാലം ജോയിതയ്ക്കുണ്ട്. എന്നാല്‍ തന്റെ സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ജോയിത തുടര്‍ന്നു. 2011 മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജോയിത. ദുരിതകാലത്ത് അന്തിയുറങ്ങിയിരുന്ന ബസ്റ്റാന്‍ഡിന്റെ തൊട്ടടുത്താണ് ജോയിതയുടെ പുതിയ പ്രവര്‍ത്തനമണ്ഡലമായ ഇസ്ലാംപൂര്‍ കോടതി സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.

‘ആദ്യമായാണ് ഈ വിഭാഗത്തില്‍ നിന്നൊരാള്‍ ഇത്തരമൊരു സ്ഥാനത്തെത്തുന്നത്. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ശാക്തീകരണം മാത്രമല്ല അധികാര വ്യവസ്ഥിതിയില്‍ ഇരുന്നുകൊണ്ട് കമ്മ്യൂണിറ്റിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരം കൂടിയാണ്.’ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വെല്‍ഫയര്‍ ഇക്യുറ്റി ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റിന്റെ സ്ഥാപക അഭീന അഹര്‍ പറഞ്ഞു.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തോട് സമൂഹം കാണിക്കുന്ന അവഗണനകള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരായ സന്ദേശമാണ് തനിക്ക് ലഭിച്ച ഈ അംഗീകാരം എന്ന് ജോയിത പ്രതികരിച്ചു. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട കേസുകളാണ് ജോയിതയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരിക. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഔദ്യോഗിക വാഹനത്തില്‍ കോടതിമുറ്റത്തെത്തിയ ജോയിത തുടക്കത്തില്‍ ആളുകളില്‍ തെല്ലൊരു ആശ്ചര്യമുണര്‍ത്തി.

സുഹൃത്തുക്കളുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും ആശംസകളാല്‍ ഇതിനോടകം ജോയിതയുടെ ഫെയ്‌സ്ബുക്ക് ടൈംലൈന്‍ നിറഞ്ഞിരിക്കുകയാണ്. വളരെയധികം പ്രതീകഷയോടെയാണ് എല്ലാവരും ഈ മാറ്റത്തെ ഉറ്റുനോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook