ഭോപാല്‍ : മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മണല്‍ക്കടത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊന്നു. ന്യൂസ് വേള്‍ഡ് ചാനലിലെ സ്റ്റിങ്ങറായ സന്ദീപ്‌ ശര്‍മയാണ് വധിക്കപ്പെട്ടത്. പരുക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസുകാര്‍ ഉള്‍പ്പെടുന്ന രണ്ട് സ്റ്റിങ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് സന്ദീപ്‌ ശര്‍മ. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണം എന്നും ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍ അടക്കം വരുന്നവര്‍ അനധികൃത മണലെടുപ്പില്‍ പങ്കാളിയാണ് എന്ന്‍ ആരോപിക്കുന്നതായിരുന്നു സന്ദീപ്‌ ശര്‍മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കത്ത്.

മാധ്യമപ്രവര്‍ത്തകന്റെ മരണവുമായ് ബന്ധപ്പെട്ട് സെഷന്‍ 304 (എ) (അശ്രദ്ധമൂലം മരണപ്പെടല്‍) പ്രകാരം കേസെടുത്തിട്ടുണ്ട് എന്നാണ് ഭിന്ദ്‌ എസ്പി പ്രശാന്ത് ഖാരെ അറിയിച്ചത്. കേസ് അന്വേഷിക്കുന്നതിനായ് പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട് എന്നും പ്രശാന്ത് ഖാരെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകനെ ഇടിച്ച ട്രക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നും സംഭവം നടന്ന ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാരിന്റെ മുൻഗണനയിലുള്ള കാര്യമാണ് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പറഞ്ഞത്. “മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഞങ്ങളുടെ മുന്‍ഗണനയിലുള്ള കാര്യം തന്നെയാണ്. കുറ്റവാളികള്‍ക്ക് എതിരെ കര്‍ക്കശമായ നടപടി തന്നെ എടുക്കും.” മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധ്യ സിന്ധെ ആവശ്യപ്പെട്ടു. ” പട്ടാപകലാണ് അദ്ദേഹത്തെ കൊന്നത്. കുറഞ്ഞത് സിബിഐ എങ്കിലും കേസ് അന്വേഷിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ബിജെപി ഭരണത്തിന് കീഴില്‍ അത് തകരുകയാണ്.” കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook