ന്യൂഡൽഹി: കശ്മീരിലെ ജനങ്ങളെ കൊല്ലണമെന്നും ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്നും കുറിച്ച മാധ്യമപ്രവർത്തകയ്ക്ക് ലോ‌ക്‌സഭ ടിവിയിൽ ജോലി കിട്ടി. ദൃശ്യമാധ്യമ പ്രവർത്തകയായ ജാഗ്രിതി ശുക്ലയ്ക്കാണ് ലോക്‌സഭ ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി കിട്ടിയത്.

എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ലോക്‌സഭ ടിവിയുടെ കൺസൾട്ടന്റ് എന്നാണ് ഇവർ കുറിച്ചിരിക്കുന്നത്. അതേസമയം ലോക്‌സഭ ടിവി പുറത്തുവിട്ട വിജ്ഞാപനത്തിൽ ഇവരെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി നിയമിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്.

മുൻപ് സീ ടിവിയിലും ന്യൂസ് 18 ലും പ്രവർത്തിച്ച ഇവരുടെ ട്വീറ്റുകൾ പലതും വിവാദമായിരുന്നു. ബെംഗളൂരുവിൽ പ്രശസ്ത മാധ്യമ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ അവർ കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന് കുറിച്ചാണ് ജാഗ്രിതി വാർത്തകളിൽ നിറഞ്ഞത്.

ഈ വർഷമാദ്യം കശ്മീരിലെ മുസ്‌ലിങ്ങൾക്കെതിരെ ഉയർത്തിയ അത്യന്തം നീചമായ ട്വീറ്റിന് പിന്നാലെ ഇവരുടെ ട്വിറ്റർ അക്കൗണ്ട് കുറച്ച് സമയത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.

മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ ജിഹാദികൾക്ക് വേണ്ടി വാദിക്കുന്നയാളെന്ന് വിമർശിച്ച് കുറിച്ച ട്വീറ്റ് ഇപ്പോഴും ഇവരുടെ അക്കൗണ്ടിലുണ്ട്. ഇദ്ദേഹം ഇന്ത്യൻ  ഉപരാഷ്ട്രപതിയായിരുന്നുവെന്നത് അത്യധികം ലജ്ജാകരമാണെന്ന് കുറിച്ച ജാഗ്രിതി ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടും അയാളുടെ മനസ് മാറിയില്ലെന്നും കുറിച്ചിരുന്നു.

ഇവരുടെ നിയമനകാര്യം സംബന്ധിച്ച ചോദ്യത്തിന് പരിശോധിച്ച് മറുപടി പറയാമെന്നാണ് ലോക്‌സഭ ടിവി എഡിറ്റർ ശ്യാം കിഷോർ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook