ഗാസിയാബാദ്: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് വർമയെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഇദ്ദേഹത്തിന്റെ വസതിയിൽനിന്നും ഇന്നു പുലർച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. പുലർച്ചെ 3.30 ന് ഇന്ദിരപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച വർമയെ മണിക്കൂറുകളോളം അവിടെവച്ച് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.

ഛത്തീസ്ഗഡ് മന്ത്രിക്കെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുളള ആരോപണം. ഫ്രീലാൻസ് പത്രപ്രവർത്തകനും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിലെ അംഗവുമാണ് വിനോദ് വർമ. ഹിന്ദി പത്രമായ അമര്‍ഉജാല എഡിറ്ററായും ബിബിസിക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡ് ബിജെപി നേതാവ് പ്രകാശ് ബജാജ് ഒക്ടോബർ 26 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർമയെ അറസ്റ്റ് ചെയ്തതെന്ന് റായ്പൂർ പൊലീസ് വ്യക്തമാക്കി. മന്ത്രിക്കെതിരെ അക്ഷേപകരമായ വിഡിയോകൾ ഉണ്ടാക്കുകയും പണം നൽകിയില്ലെങ്കിൽ അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ഗാസിയാബാദിലെ വർമയുടെ വീട്ടിൽനിന്നും 500 ഓളം സിഡികളും പെൻഡ്രൈവുകളും ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിനെതിരായ ആക്രമണമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ