ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കാപ്പനെ ജാമ്യത്തില്‍ വിട്ടയക്കാനുള്ള ഉത്തരവില്‍ ലഖ്നൗവിലെ സെഷന്‍സ് കോടതി ഒപ്പു വെച്ചതായാണ് ലൈവ് ലൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് യാത്ര ചെയ്യവെ രണ്ട് വര്‍ഷം മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2022 ഡിസംബര്‍ 24-നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ കാപ്പന് ജാമ്യം അനുവദിച്ചത്.
ഹത്രാസില്‍ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പനെന്ന് പോലീസ് ആരോപിച്ചു. എന്നാല്‍ കൂട്ടബലാത്സംഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോകുകയായിരുന്നു കാപ്പന്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർ പ്രദേശ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്‍പതിന് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്രം പിഎഫ്ഐയെയും അതിന്റെ അനുബന്ധ സംഘടനകളെയും കഴിഞ്ഞ സെപ്തംബര്‍ 28-ന് നിരോധിച്ചിരുന്നു.