ന്യൂഡല്‍ഹി: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നതു വൈകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
”എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കാപ്പന്‍ ജയിലില്‍ തുടരും,” ലക്‌നൗ ജയില്‍ പി ആര്‍ ഒ സന്തോഷ് വെര്‍മ പി ടി ഐയോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണു കാപ്പനെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്. കേസില്‍ വൈകാതെ ജാമ്യം ലഭിക്കുമെന്നാണു കാപ്പന്റെ ബന്ധുക്കളുടെയും പത്രപ്രവര്‍ത്തക സംഘടനകളുടെയും പ്രതീക്ഷ.
ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി ജാമ്യം വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു കാപ്പനെ മോചിപ്പിക്കാന്‍ തിങ്കളാഴ്ചയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലും തുല്യമായ തുകയ്ക്കുള്ള വ്യക്തിഗത ബോണ്ടിന്മേലുമാണ് ലക്‌നൗ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരോദ് മിശ്ര ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിക്കില്ലെന്നു സത്യവാങ്മൂലം നല്‍കാനും ജഡ്ജി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം, യു എ പി എ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണു സിദ്ദിഖ് കാപ്പനെതിരെ കേസെടുത്തത്.
ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അതികൂര്‍ റഹ്‌മാന്‍, ആലം, മസൂദ് എന്നിവര്‍ക്കൊപ്പം മഥുരയില്‍നിന്നാണു സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിനു പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദങ്ങള്‍ കേട്ട സുപ്രീം കോടതി നിരവധി വ്യവസ്ഥകളോടെയാണു സിദ്ദിഖ് കാപ്പനു ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനായ ശേഷം ആറാഴ്ച ഡല്‍ഹിയില്‍ തുടരണം, എല്ലാ തിങ്കളാഴ്്ചയും നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയവ ജാമ്യവ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.
കാപ്പനു ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തക സംഘടനകളും സ്വാഗതം ചെയ്തിരുന്നു.