ലക്നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി എം എല്‍ എ) റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ ലക്‌നൗ സെഷന്‍സ് കോടതി തള്ളിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉത്തരവിനായി ജില്ലാ ജഡ്ജി സഞ്ജയ് ശങ്കര്‍ പാണ്ഡെ മാറ്റിവയ്ക്കുകയായിരുന്നു.
ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായുള്ള ബന്ധം ആരോപിച്ച് യു പി പൊലീസ് അറസ്റ്റ് ചെയ്തത്. യു എ പി എ, ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.
കേസില്‍ രണ്ടു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞു സെപ്തംബര്‍ ഒന്‍പതിനു സിദ്ധിഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കാപ്പനെ മോചിപ്പിച്ചുകൊണ്ട് ലക്നൗ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരോദ് മിശ്ര ഉത്തരവ് പുറപ്പെടുവിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലും തുല്യമായ തുകയ്ക്കുള്ള വ്യക്തിഗത ബോണ്ടിന്മേലുമാണു സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിക്കില്ലെന്നു സത്യവാങ്മൂലം നല്‍കാനും ജഡ്ജി ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇ ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കാപ്പന്‍ തടവില്‍ തുടരുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
കേസില്‍ 2021 ഫെബ്രുവരിയില്‍ കാപ്പനും പി എഫ് ഐയുടെ നാല് ഭാരവാഹികള്‍ക്കുമെതിരെ ഇ ഡി കുറ്റത്രം സമര്‍പ്പിച്ചിരുന്നു. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ)യുടെ ദേശീയ ജനറല്‍ സെക്രട്ടറി കെ എ റൗഫ് ഷെരീഫ് ഗള്‍ഫിലെ പി എഫ് ഐ അംഗങ്ങള്‍ വഴി ഫണ്ട് സ്വരൂപിച്ചതായും തട്ടിപ്പ് ഇടപാടുകളിലൂടെ അതു ഇന്ത്യയിലേക്ക് എത്തിച്ചതായും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു.
പി എഫ് ഐയുടെ അനുബന്ധ സംഘടനയാണു സി എഫ് ഐ. പി എഫ് ഐയെ കൂടാതെ സി എഫ് ഐ ഉള്‍പ്പെടെയുള്ള മറ്റു മുന്‍നിര സംഘടനകളെ സെപ്റ്റംബര്‍ 28നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.
പി എം എല്‍ എ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണ്. കുറ്റക്കാരനല്ലെന്നു ബോധ്യപ്പെട്ടില്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കില്ലെന്നാണു നിയമം അനുശാസിക്കുന്നത്്. ജാമ്യഘട്ടത്തിലെ വിചാരണ മുന്‍ നിര്‍ത്തി, ഈ വ്യവസ്ഥ വിമര്‍ശിക്കപ്പെടുകയും 2017-ല്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ (ഇപ്പോള്‍ വിരമിച്ചു) നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തിടെ ഈ വ്യവസ്ഥ പുനഃസ്ഥാപിക്കുകയും നിയമത്തിലെ മറ്റു വിവാദ വ്യവസ്ഥകള്‍ ശരിവയ്ക്കുകയും ചെയ്തു.