ചെന്നൈ: നക്കീരൻ ദ്വൈവാരിക എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ നക്കീരന്‍ ഗോപാലനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മല ദേവി കേസുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബനവരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് നടപടി. പുണെയിലേക്ക് പോവാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് നക്കീരനെ അറസ്റ്റ് ചെയ്തത്.

പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നിര്‍മ്മല ദേവിയെ കുറിച്ചായിരുന്നു നക്കീരന്‍ മാസികയുടെ പുതിയ ലക്കം കവര്‍ സ്റ്റോറി. ഗവര്‍ണറെ താന്‍ നാല് വട്ടം കണ്ടതായി നിര്‍മ്മല അന്വേഷണ സംഘത്തോട് പറഞ്ഞതായി ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ എവിടേയും ഗവര്‍ണറുടെ പേര് പരാമര്‍ശിക്കാത്തതിനെ ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

ലേഖനത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഗവര്‍ണറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. ഏത് വകുപ്പ് അനുസരിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നില്ല.

സര്‍വ്വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗികവേഴ്ച ചെയ്യാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് വനിതാ പ്രൊഫസറായ നിര്‍മ്മലാ ദേവി അറസ്റ്റിലായത്. സാമ്പത്തികമായും അക്കാദമിക്കലായും സഹായം ലഭിക്കുന്നതിന് പകരം ലൈംഗികമായി സഹകരിക്കണമെന്നാണ് വനിതാ പ്രൊഫസര്‍ ആവശ്യപ്പെട്ടത്. നാല് വിദ്യാര്‍ത്ഥിനികളുമായി പ്രൊഫസറുടേതാണെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദേവാംഗ ആര്‍ട്സ് കോളേജ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

ഗവര്‍ണര്‍ ബനവരിലാല്‍ പുരോഗിതുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട പ്രൊഫസര്‍ ഓഡിയോയില്‍ പണവും ഗവേഷണം അടക്കമുളള അക്കാദമിക്കല്‍ സഹായങ്ങളും വിദ്യാര്‍ത്ഥിനികള്‍ക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുമായി ലൈംഗികമായി സഹകരിക്കുന്നത് മറ്റാരും അറിയരുതെന്നും, രക്ഷിതാക്കളുടെ അറിവോടെ വേണമെങ്കില്‍ ചെയ്യാമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. സമ്മതമാണെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് പണം അതിലേക്ക് ഇടാമെന്നും അധ്യാപിക വിദ്യാര്‍ത്ഥിനികളോട് വാഗ്‌ദാനം ചെയ്തു. ഓഡിയോ ക്ലിപ് സഹിതം വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ