മാൻഡായ്: ത്രിപുരയിൽ മാധ്യമപ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തി. ആദിവാസി സംഘടനകൾ തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ടെലിവിഷൻ റിപ്പോർട്ടറാണ് കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ പോഷക സംഘടനയായ ടിആർയുജിപിയുടെ പ്രവർത്തകരും മറ്റൊരു ആദിവാസി സംഘടനയായ ഐപിഎഫ്ടിയുടെ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ഷാന്തനു ബൗമിക്( 28) മർദനമേറ്റ് മരിച്ചത്. ബിജെപിയെ പിന്തുണക്കുന്ന സംഘടനയാണ് ഐപിഎഫ്ടി.

സംഭവവുമായി ബന്ധപ്പെട്ട് നാല് ഐപിഎഫ്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ത്രിപുര ഡിഐജി അരിന്ദം നാഥ് അറിയിച്ചു. ടിആർയുജിപിയുടേയും ഐപിഎഫ്ടിയുടേയും പ്രവർത്തകർ തമ്മിൽ അഗർത്തലയിൽ നിന്ന് 35 കിലോമീറ്റർ അകലെ മാൻഡായിൽ സംഘർഷമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഐപിഎഫ്ടി പ്രവർത്തകർ ഷാന്തനു ബൗമിക്കിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രതിഷേധ റാലി നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ