ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തില്‍ വീടുകള്‍ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്ത സംഭവത്തില്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയെ വിളിച്ചാണ് പ്രധാമന്ത്രി സഹായം വാ്ഗ്ദാനം ചെയ്തത്.
പുഷ്കര്‍ സി്ങ്ങുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി മോദി സ്ഥിതിഗതികള്‍ വിലയിരുത്തി, ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിച്ചറിഞ്ഞു. ജോഷിമഠിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയാണെന്ന് ധാമി ട്വീറ്റ് ചെയ്തു.
മറ്റ് പര്‍വത നഗരങ്ങളുടെ കാര്യവും പരിശോധിച്ചിട്ടുണ്ടോ എന്നും ഞങ്ങള്‍ കാണും. ജോഷിമഠിനെ ഉരുള്‍പൊട്ടല്‍ മേഖലയായി പ്രഖ്യാപിച്ചതായും 60 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ഗര്‍വാള്‍ കമ്മീഷണര്‍ സുശീല്‍ കുമാര്‍ പറഞ്ഞു. 90-ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുണ്ടെന്നും ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ഭരണകൂടത്തിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നഗരത്തിലെ ആകെയുള്ള 4500 കെട്ടിടങ്ങളില്‍ 610 എണ്ണത്തിലും വിള്ളലുണ്ടായി താമസയോഗ്യമല്ലാതായി. നിലവില്‍ സര്‍വേ നടക്കുന്നതിനാല്‍ ഈ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോഷിമഠില്‍ കുറച്ചുകാലമായി മണ്ണിടിഞ്ഞു താഴുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീടുകളിലും വയലുകളിലും റോഡുകളിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇത് വര്‍ധിച്ചു, പട്ടണത്തിന് താഴെയുള്ള ഒരു ജലപാതയെത്തുടര്ന്ന് സ്ഥിതി കൂടുതല്‍ വഷളായതായി അദ്ദേഹം പറഞ്ഞു. അതിനിടെ ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. വിള്ളലുണ്ടായ വീടുകളില്‍ താമസിക്കുന്നവരോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല് സുരക്ഷിതമല്ലാത്തതും വാസയോഗ്യമല്ലാത്തതുമായ വീടുകളില്‍ നിന്ന് ജനങ്ങളോട് മാറാന്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. വാടക കെട്ടിടത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുമാസം വരെ പ്രതിമാസം 4,000 രൂപ നല്‍കും, തകര്‍ന്ന വീടുകളില്‍ തുടരുന്നത് ജീവന് അപകടത്തിലാക്കുമെന്ന് ഹിമാന്‍ഷു ഖുറാന കൂട്ടിച്ചേര്‍ത്തു.
ജോഷിമഠിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല അവലോകന യോഗം വിളിച്ചു, സ്ഥിതിഗതികള്‍ നേരിടാന്‍ ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുന്നുണ്ടെന്ന് യോഗത്തിന് ശേഷം ഉന്നത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ടീമും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) നാല് ടീമുകളും ഇതിനകം ജോഷിമഠത്തിലെത്തിയിട്ടുണ്ട്. ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) അംഗങ്ങളും തിങ്കളാഴ്ച ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും.