/indian-express-malayalam/media/media_files/uploads/2023/01/we-hear-cracking-sounds-while-sleeping-joshimath-people-live-in-fear-739674.jpg)
ജോഷിമഠ്: ഹിമാലയന്‍ പട്ടണമായ ജോഷിമഠ് 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേംകുണ്ഡ് സാഹിബ്, അന്താരാഷ്ട്ര സ്‌കീയിങ് കേന്ദ്രമായ ഔലി എന്നിവിടങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ് ഭൂമി ഇടിഞ്ഞുതാഴുന്നതിനെത്തുടര്‍ന്നു വലിയ വെല്ലുവിളി നേരിടുകയാണ്.
2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ജോഷിമഠ് 8.9 സെന്റീമീറ്റര്‍ താഴ്ന്നതായാണു ഐ എസ് ആര്‍ ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (എന്‍ ആര്‍ എസ് സി) നടത്തിയ പ്രാഥമിക പഠനം പറയുന്നത്. ഡിസംബര്‍ 27നും ജനുവരി എട്ടിനും ഇടയിലുള്ള 12 ദിവസത്തില്‍ ഭൂമി പതിയുന്നതിന്റെ തീവ്രത വര്‍ധിച്ചു. നഗരം 5.4 സെന്റീമീറ്റര്‍ താഴ്ന്നു.
ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2എസാണു ജോഷിമഠില്‍ ഭൂമി താഴുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
''ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രദേശം ഏകദേശം അഞ്ചുു സെന്റീമീറ്റര്‍ താഴ്ന്നു. കൂടാതെ മണ്ണ് ഇടിഞ്ഞുതാഴുന്ന പ്രദേശത്തിന്റെ വ്യാപ്തിയും വര്‍ധിച്ചു. എന്നാലിത് ജോഷിമഠ് പട്ടണത്തിന്റെ മധ്യഭാഗത്ത് മാത്രമായി ഒതുങ്ങുന്നു,''എന്‍ ആര്‍ എസ് സി റിപ്പോര്‍ട്ട് പറയുന്നു.
ജോഷിമത്ത്-ഔലി റോഡിനു സമീപം 2,180 മീറ്റര്‍ ഉയരത്തിലാണ് ഇടിച്ചിലിന്റെ ഉയര്‍ന്നഭാഗം സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോഷിമത്ത് നഗരത്തിന്റെ മധ്യഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഇടിച്ചില്‍ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായി കരസേനാ ഹെലിപാഡും നര്‍സിങ് ക്ഷേത്രവും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ജോഷിമഠിലെ സ്ഥിതിഗതികളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ആര്‍ കെ സിങ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
589 പേര്‍ ഉള്‍പ്പെടുന്ന 169 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ജോഷിമഠിലും പിപ്പല്‍കോട്ടിയിലും 3,630 പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന 835 മുറികളാണു ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്.
ദുരിതബാധിതരായ 42 കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ ഇടക്കാല സഹായമായി നല്‍കി. നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിപണി നിരക്ക് ബന്ധപ്പെട്ട സമിതി തീരുമാനിക്കുമെന്നാണു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.