ന്യൂഡല്‍ഹി: ജോഷിമഠില്‍ ഇതുവരെ 87 വീടുകളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാത്തിനും എക്സ് എന്ന് മാര്‍ക്കും ചെയ്തിട്ടുണ്ട്. വിള്ളലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന രണ്ട് ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്.
ആഴത്തിലുള്ള വിള്ളലുകളാണ് മലരി ഇന്‍ എന്ന ഹോട്ടലിനുള്ളിലുള്ളത്. അടിത്തറയില്‍ നിന്ന് ഏറക്കുറെ ഹോട്ടല്‍ അകന്നു കഴിഞ്ഞു. സമീപത്തുള്ള മറ്റൊരു ഹോട്ടലായ മൗണ്ട് വ്യൂവിലേക്കും വിള്ളല്‍ വ്യാപിച്ചതിനാലാണ് പൊളിക്കാനുള്ള തീരുമാനം.
സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിബിആർഐ) സംഘം ചൊവ്വാഴ്ച രണ്ട് ഹോട്ടലുകളിലുമെത്തി പരിശോധന നടത്തി. വൈകുന്നേരത്തോടെ പൊളിക്കുന്ന ജോലികൾ ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. സിബിആർഐ, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥര്‍ ഹോട്ടലിൽ പ്രവേശിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞു.
സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ടീമിന്റെ തലവനായ സിബിആർഐ ചീഫ് സയന്റിസ്റ്റ് ഡി പി കനുങ്കോ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം നോയിഡയിലെ സൂപ്പർടെക് ഇരട്ട ടവറുകൾ തകർത്ത സംഘത്തിൽ കനുങ്കോയും ഉണ്ടായിരുന്നു.
“ആദ്യ ഹോട്ടലിന്റെ (മലരി ഇൻ) അടിത്തറയ്ക്കാണ് പ്രശ്നം, അതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ല. രണ്ടാമത്തെ ഹോട്ടലിലിനേയും ഇത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ രണ്ട് കെട്ടിടങ്ങളും സുരക്ഷിതമായ രീതിയില്‍ പൊളിക്കാന്‍ തീരുമാനിച്ചത്. ഞങ്ങൾ രണ്ട് കെട്ടിടങ്ങളും പരിശോധിച്ച് വിശദമായ പദ്ധതി തയാറാക്കി. രണ്ട് ഹോട്ടലുകള്‍ക്കും സമീപമുള്ള കെട്ടിടങ്ങളുടേയും പൊളിക്കുന്നതിനായി ഹോട്ടലിനുള്ളിലേക്ക് പോകുന്ന തൊഴിലാളികളുടേയും സുരക്ഷയ്ക്കാണ പ്രഥമ പരിഗണന, ”കനുങ്കോ വ്യക്തമാക്കി.
മൂന്ന് അല്ലെങ്കില്‍ നാല് ദിവസം കൊണ്ട് ഘട്ടം ഘട്ടമായായിരിക്കും പൊളിക്കല്‍ നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ മലരി ഇന്നായിരിക്കും ആദ്യം പൊളിക്കുക.
“സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് സാധ്യമല്ലാത്തതിനാൽ, കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യാനായി കോൺക്രീറ്റ് കട്ടറുകളായിരിക്കും ഉപയോഗിക്കുക. എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായി, ഓരോ ഷിഫ്റ്റിലും അകത്തേക്ക് പോകുന്നവരുടെ പട്ടിക തയാറാക്കും. ഷിഫ്റ്റ് കഴിയുമ്പോഴും ഇത് പരിശോധിച്ച് എല്ലാവരും ഉണ്ടെന്ന് ഉറപ്പാക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചമോലി ജില്ലാ ഭരണകൂടത്തിൽ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 723 വീടുകളിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 131 കുടുംബങ്ങളിലായി 462 പേരെ താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി.
പൊളിക്കാനിരിക്കുന്ന ഹോട്ടലിന്റെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ബദരീനാഥ് ധാം പുനർവികസന മാസ്റ്റർപ്ലാൻ പ്രകാരം ലിസ്റ്റ് ചെയ്ത നിരക്കുകൾ പ്രകാരമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധരണ വിലയില്‍ നിന്ന് ഇരട്ടിയാണ്.
ഹോട്ടല്‍ പൊളിക്കുന്നത് സംബന്ധിച്ച് രാവിലെ നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ലെന്ന് മലരി ഇന്നിന്റെ ഉടമ താക്കൂർ സിങ് റാണ ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് അതിനെക്കുറിച്ച് അറിഞ്ഞതെന്നും പിന്നീട് നോട്ടീസ് നൽകിയെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ലെന്നും റാണ കൂട്ടിച്ചേര്‍ത്തു.
28 മുറികളുള്ള ഹോട്ടൽ 2011-ലാണ് നിർമ്മിച്ചതെന്ന് റാണ പറഞ്ഞു. നിർമ്മാണത്തിനായി നാല്, അഞ്ച് കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.