ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിയിൽ കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം തുടരുമ്പോഴും നിയമത്തിൽ നിന്ന് പിന്നോട്ട് വരാത്ത കേന്ദ്ര നിലപാടിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധത്തിന് നീക്കം നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളും ചർച്ചകളും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് വിവിധ കക്ഷി നേതാക്കളുമായി ചർച്ച നടത്തുക. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. കർഷക സമരത്തിലെ സുപ്രീംകോടതി ഉത്തരവ്, കർഷക സംഘടനകളുടെ നിലപാട് എന്നിവ കൂടി പരിഗണിച്ചാകും പാർലമെൻറിലെ പ്രതിഷേധം.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സിപിഐ നേതാവ് ഡി രാജ എന്നിവർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണ കക്ഷിയിൽ തന്നെ ഇതിനോടകം ഒന്നിലധികം പാർട്ടികൾ കാർഷിക നിയമത്തിനെതിരെയും കേന്ദ്ര നിലാപാടനെതിരെയും രംഗത്തെത്തിയിരുന്നു.

അതേസമയം പുതിയ കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. കേന്ദ്രസർക്കാർ കർഷക സമരം നേരിട്ട നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook