ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉപയോഗാനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്

ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“ഇന്ത്യ വാക്സിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗാനുമതി ലഭിച്ചു. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണ് ഇത്,” മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉപയോഗാനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സിന് ഉത്പാദനവും വിതരണവും നടത്തുക.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്‌നിക്, അമേരിക്കയിൽ വികസിപ്പിച്ച മൊഡേണ എന്നിവയാണ് ഇതിനു മുൻപ് ഇന്ത്യയിൽ അനുമതി ലഭിച്ച മറ്റു വാക്സിനുകൾ. കോവിഷീൽഡും കോവാക്സിനുമാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. സ്പുട്‌നിക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഘട്ടത്തിലാണ്. മൊഡേണ വാക്സിൻ അടുത്ത വർഷത്തോടെ മാത്രമേ ഇന്ത്യയിൽ ലഭ്യമാകുകയുളളൂ.

കോവിഡ് ഗുരുതരമാകുന്നതിൽനിന്നും മരണത്തിൽനിന്നും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സംരക്ഷണം നൽകുന്നതായാണ് അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പരീക്ഷണം വ്യക്തമാക്കുന്നത്. ഒറ്റ ഡോസ് വാക്സിൻ മരണത്തിൽനിന്ന് 91 മുതൽ 96.2 ശതമാനം വരെ സംരക്ഷണം നൽകുന്നു. അതേസമയം ബീറ്റ വൈറസ് വകഭേദം ബാധിച്ചവരിൽ 67 ശതമാനവും ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ 71 ശതമാനവും ആശുപത്രി പ്രവേശനത്തിനെതിരെ വാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചിട്ട് ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് വെള്ളിയാഴ്ച വരെ 50.3 കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്.

“കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ പ്രചോദനം ലഭിക്കുന്നു. വാക്സിനേഷൻ നമ്പറുകൾ 50 കോടി കവിഞ്ഞു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Also Read: വാക്സിനേഷന്‍ പ്രക്രിയയുടെ ആറ് മാസങ്ങള്‍; ഇതുവരെ വിതരണം ചെയ്തത് 50 കോടി ഡോസുകള്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Johnson and johnsons single dose vaccine gets approval in india

Next Story
കോവിഡ്: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ നീട്ടി; ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express